തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ പറവൂരിൽത്തന്നെ പൂട്ടണമെന്നത് സിപിഎം നിശ്ചയിച്ചിട്ടുള്ള ലക്ഷ്യമാണ്. ന്യൂനപക്ഷസമുദായങ്ങൾ ഇടതുപക്ഷത്തിന് എതിരാകുന്നെന്ന സൂചന തദ്ദേശതിരഞ്ഞെടുപ്പ് ഫലം നൽകുന്നുണ്ട്. അതിനെ മറികടക്കാൻ രണ്ട് ഹൈന്ദവ സമുദായ സംഘടനകൾ ഇടതുപക്ഷത്തിന് ഓരം ചേർന്നുനിൽക്കാൻ സന്നദ്ധത പ്രകടിപ്പിച്ചുകഴിഞ്ഞെന്നതാണ് എൻഎസ്എസ്-എസ്എൻഡിപി ഒന്നിച്ചുനീങ്ങലിന്റെ പ്രാധാന്യം.

യുഡിഎഫ് അധികാരത്തിലെത്തിയാൽ വി.ഡി. സതീശന്റെ മുഖ്യമന്ത്രിസ്ഥാനം ചോദ്യംചെയ്യപ്പെടുന്ന ഒന്നാകണമെന്ന നീട്ടിയെറിയലും ഈ ഐക്യപ്പെടലിന് പിന്നിലുണ്ട്. രമേശ് ചെന്നിത്തലയടക്കം മറ്റുനേതാക്കൾക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയാണ് സുകുമാരൻനായരും വെള്ളാപ്പള്ളി നടേശനും പ്രതികരിച്ചത് എന്നത് കോൺഗ്രസിനുള്ളിലേക്കുകൂടി തീപടർത്തുന്നതാണ്.

ഇടതുപക്ഷത്തിനൊപ്പം നിന്നിരുന്ന പറവൂരിനെ യുഡിഎഫിലേക്ക് എത്തിച്ചത് സതീശനാണ്. 1996-ൽ കന്നിയങ്കത്തിന് ഇറങ്ങിയപ്പോൾ തോൽവിയായിരുന്നു ഫലം. പക്ഷേ, 2001 മുതൽ തുടർച്ചയായി ആ മണ്ഡലം സതീശനൊപ്പം നിന്നു. പ്രതിപക്ഷനേതാവ് എന്ന നിലയിൽ വാക്കിന് മൂർച്ചയും പോരിന് തെളിച്ചവുമായാണ് ഇത്തവണ സതീശന്റെ നിൽപ്പ്‌.

പറവൂരിൽ സിപിഐ ആണ് മത്സരിക്കുന്നത്. അത് ഏറ്റെടുക്കാനാണ് സിപിഎം ശ്രമിക്കുന്നത്. നടന്നില്ലെങ്കിൽ പൊതുസ്വതന്ത്രനെയെങ്കിലും നിർത്തണമെന്ന ആവശ്യം സിപിഐയ്ക്ക് മുൻപിൽ വെക്കാനൊരുങ്ങുകയാണ്.

ബിഡിജെഎസ് രൂപവത്കരണഘട്ടത്തിൽ നായാടിമുതൽ നമ്പൂതിരിവരെയുള്ള ഐക്യമാണ് വെള്ളാപ്പള്ളി പ്രഖ്യാപിച്ചത്. എന്നാൽ, വൈകാതെ എസ്എൻഡിപി-എൻഎസ്എസ് ഐക്യം തകർന്നു. ഇപ്പോൾ നായാടി മുതൽ നസ്രാണിവരെയുള്ള ഐക്യമാണ് വെള്ളാപ്പള്ളിയുടെ പ്രഖ്യാപനം. അത് എൻഎസ്എസ് ഏറ്റുപിടിച്ചില്ലെങ്കിലും എസ്എൻഡിപിയുമായുള്ള ഐക്യപ്പെടൽ സുകുമാരൻനായരും ഉറപ്പിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനെ ചേർത്തുപിടിച്ചുള്ള ഇരുസമുദായ നേതാക്കളുടെയും നീക്കം ഫലത്തിൽ ഇടതുപക്ഷത്തേക്ക് സമുദായാംഗങ്ങളെ ആകർഷിക്കാനുള്ളതുകൂടിയാണ്. ഭൂരിപക്ഷവും ഈഴവ-നായർ വോട്ടുകളാണ് പറവൂരിൽ. ഭരണം കിട്ടുമെന്ന ആത്മവിശ്വാസം കോൺഗ്രസ് നേതാക്കൾക്കിടയിൽ ശീതസമരം ഊറിക്കൂടാനും വഴിവെച്ചിട്ടുണ്ട്. സമുദായനേതാക്കൾ സതീശനെതിരേ തിരിഞ്ഞപ്പോൾ, സതീശനെ പരസ്യമായി കുറ്റപ്പെടുത്തുന്നില്ലെങ്കിലും പിന്തുണയ്ക്കാനും നേതാക്കൾ തയ്യാറായിട്ടില്ല.

സതീശന്റെ സോഷ്യൽഎൻജിനീയറിങ്ങിൽ പിഴവുപറ്റുന്നെന്ന രഹസ്യകുറ്റപ്പെടുത്തലിന് നേതാക്കൾ മുതിരുന്നുണ്ട്. ഈ നിയമസഭാതിരഞ്ഞെടുപ്പും പറവൂരിലെ വിധിയെഴുത്തും സതീശന് മാത്രമല്ല, സമുദായസംഘടനാനേതാക്കളുടെ ‘വിപ്പു’കൾക്ക് അണികൾനൽകുന്ന മൂല്യം എത്രയാണെന്ന് അവരെ ബോധ്യപ്പെടുത്തുന്ന കാര്യത്തിൽക്കൂടി നിർണായകമാകും. കോൺഗ്രസിന് അതൊരു പാഠവുമാകും.