ഇൻസ്റ്റഗ്രാം വഴി ആളുകളെ ഹണിട്രാപ്പിൽപ്പെടുത്തി കോടികൾ തട്ടിയെടുത്ത ദമ്പതികൾ പൊലീസ് പിടിയിൽ. യുവതിയുടെ നഗ്നചിത്രങ്ങൾ ഉപയോഗിച്ച് ഇരകളെ വലയിലാക്കി ഭീഷണിപ്പെടുത്തി പണം തട്ടുന്നതായിരുന്നു ഇവരുടെ രീതി. ഒരു ലോറി ഡ്രൈവർ നൽകിയ പരാതിയിൽ കരിംഗൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന തട്ടിപ്പ് വിവരങ്ങൾ പുറത്തുവന്നത്.
ഇൻസ്റ്റഗ്രാമിലൂടെ യുവതിയുടെ നഗ്നചിത്രങ്ങൾ പങ്കുവെച്ചാണ് ദമ്പതികൾ ഇരകളെ കണ്ടെത്തിയിരുന്നത്. ചിത്രങ്ങൾ കണ്ട് ആകർഷിതരായി മെസ്സേജ് അയക്കുന്നവരെ തന്ത്രപൂർവ്വം വീട്ടിലേക്ക് ക്ഷണിക്കും. തുടർന്ന് വീട്ടിലെത്തുന്നവരുടെ നഗ്നദൃശ്യങ്ങൾ രഹസ്യമായി പകർത്തും.
പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയാണ് പതിവ്. പണം നൽകിയില്ലെങ്കിൽ ചിത്രങ്ങളും ദൃശ്യങ്ങളും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവർ ലക്ഷങ്ങൾ തട്ടിയെടുത്തിരുന്നത്.
ദമ്പതികൾ ചേർന്ന് പണം തട്ടാൻ ശ്രമിക്കുന്നുവെന്ന് കാണിച്ച് ഒരു ലോറി ഡ്രൈവർ നൽകിയ പരാതിയാണ് സംഭവത്തിൽ നിർണ്ണായകമായത്. തുടർന്ന് കരിംഗൂർ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ വൻ തട്ടിപ്പിന്റെ വിവരങ്ങൾ ലഭിക്കുകയായിരുന്നു. നൂറിലധികം ആളുകളെ ഇവർ ഇത്തരത്തിൽ ഭീഷണിപ്പെടുത്തി പണം തട്ടിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒരേ ഇരയിൽ നിന്ന് തന്നെ പല തവണ ഭീഷണിപ്പെടുത്തി പണം വാങ്ങുന്ന രീതിയും ഇവർക്കുണ്ടായിരുന്നു.
നേരത്തെ വീടുകളുടെയും കെട്ടിടങ്ങളുടെയും ഇന്റീരിയർ വർക്കുകൾ ചെയ്തിരുന്നവരായിരുന്നു ഈ ദമ്പതികൾ. എന്നാൽ ബിസിനസിൽ വലിയ നഷ്ടം സംഭവിച്ചതോടെയാണ് ഇവർ ഹണിട്രാപ്പിലേക്ക് തിരിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ആളുകളെ ഭീഷണിപ്പെടുത്തി തട്ടിയെടുക്കുന്ന പണം ഉപയോഗിച്ച് ഇരുവരും ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.



