ഇറാനില്‍ പുതിയൊരു നേതൃത്വത്തെ തേടേണ്ട സമയമായിരിക്കുന്നുവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.  രാജ്യം ഭരിക്കാന്‍ ഇറാന്‍ നേതൃത്വം അടിച്ചമര്‍ത്തലിനെയും അക്രമത്തെയുമാണ് ആശ്രയിക്കുന്നത്. അതിനാല്‍ ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ 37 വര്‍ഷം നീണ്ട ഭരണത്തിന് അന്ത്യം കുറിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 

അധികാരം നിലനിര്‍ത്താന്‍ ആയിരക്കണക്കിന് ആളുകളെ കൊല്ലുകയല്ല, മറിച്ച്  താന്‍ യുഎസില്‍ ചെയ്യുന്നതുപോലെ രാജ്യം ശരിയായി ഭരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഖമേനിയെ ഒരു രോഗി എന്ന് വിശേഷിപ്പിച്ച ട്രംപ്, ഇറാന്റെ നേതൃത്വം കാരണമാണ് ആ രാജ്യം ജീവിക്കാന്‍ ഏറ്റവും മോശമായ സ്ഥലമായി മാറിയതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധത്തില്‍ പങ്കെടുത്ത രാജ്യദ്രോഹികളുടെ നട്ടെല്ല് ഒടിക്കുമെന്ന് ഖമേനി പ്രതിജ്ഞയെടുത്തതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടെ ഉണ്ടായ മരണങ്ങള്‍ക്ക് ഖമേനി ട്രംപിനെ കുറ്റപ്പെടുത്തിയിരുന്നു.