തിരുവനന്തപുരം: തൃശ്ശൂർ പിടിച്ചതുപോലെ സുരേഷ് ഗോപിക്ക് എൻഎസ്എസ് പിടിക്കാനാവില്ലെന്ന് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. അന്ന് സുരേഷ് ഗോപി സന്ദർശനം നടത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും സുകുമാരൻ നായർ പറഞ്ഞു. 2015-ൽ എൻഎസ്എസ് ആസ്ഥാനത്ത് ബജറ്റ് യോഗം നടക്കുന്നിടത്ത് എത്തിയ സുരേഷ് ഗോപിയോട് സുകുമാരൻ നായർ അതൃപ്തി പ്രകടിപ്പിച്ചത് വാർത്തയായിരുന്നു. വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിന്നീട്, 2019-ൽ സുരേഷ് ഗോപി വീണ്ടും എൻഎസ്എസ് ആസ്ഥാനത്ത് എത്തുകയും സുകുമാരൻനായരെ കണ്ട് അനുഗ്രഹം വാങ്ങുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപും സുരേഷ് ഗോപി എൻഎസ്എസ് ആസ്ഥാനത്തെത്തി സുകുമാരൻനായരെ കണ്ടിരുന്നു.

സുരേഷ് ഗോപി ജനിച്ചതിന് ശേഷം അന്ന് വരുന്നതിന് മുമ്പ് ഒരിക്കലും ഈ മണ്ണിൽ കാലുകുത്തിയിട്ടില്ല. അന്ന് അദ്ദേഹം വന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. വി.എസ്. അച്യുതാനന്ദൻ കെ.കെ. രമയെ കാണാൻ പോയ പോലെയാണ് സുരേഷ് ഗോപി അന്ന് ഇവിടെ വന്നത്. അന്ന് ബജറ്റ് മീറ്റിങ് അവതരിപ്പിക്കുകയാണ് ഞാൻ. സെക്യൂരിറ്റി എന്നോട് കാര്യം പറഞ്ഞു. സുരേഷ് ഗോപി വന്നിട്ടുണ്ടെന്നും പുഷ്പാർച്ചന ആവശ്യപ്പെടുന്നുവെന്നും പറഞ്ഞു. തുറന്നുകൊടുക്കാൻ പറഞ്ഞു. കുറച്ചുകഴിഞ്ഞ് നോക്കുമ്പോൾ ഹാളിനകത്തുനിൽക്കുന്നു. ഞാൻ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ. അതെന്ത് പണിയാണ്. – സുകുമാരൻ നായർ ചോദിച്ചു.

എവിടെയങ്കിലും ഇത് നടക്കുമോ? ഒരു സംഘടന ബജറ്റ് അവതരിപ്പിക്കുന്ന പരമാധികാര സഭയിൽ മീറ്റിങ് നടന്നുകൊണ്ടിരിക്കുമ്പോൾ ആരോടും ചോദിക്കാതെ അവിടെ കയറി വരാൻ, എന്താ അതിന്റെ അർഥം. തൃശ്ശൂർ പിടിച്ചതുപോലെ എൻഎസ്എസ്സൊന്നും പിടിക്കാൻ കഴിയില്ലെന്നും സുകുമാരൻ നായർ പ്രതികരിച്ചു.

തന്റെ മുന്നിൽ വന്ന് നിന്നപ്പോൾ ഇത് ശരിയല്ലെന്ന് പറഞ്ഞു. ഇറങ്ങിപ്പോകുകയും ചെയ്തു. പുറത്തിറങ്ങിയപ്പോൾ പിന്നീട് വിളിച്ചിട്ട് വരാമെന്നാണ് പറഞ്ഞത്. എന്നാൽ ബിജെപി നേതാക്കൾ ഇത് തിരിച്ചാക്കി. തടഞ്ഞു എന്ന് പറയണമെന്ന് പറഞ്ഞു. പിന്നീട് വിളിക്കാതെ സുരേഷ് ഗോപി രണ്ടുതവണ വന്നതായും താൻ സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.