അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിൽ, താലിബാൻ നിർവഹണ ഏജൻസികൾ നിർദേശിക്കുന്ന വസ്ത്രം ധരിക്കാത്ത സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നത് ശക്തമാക്കി. സൗത്ത് ഏഷ്യ ടെററിസം പോർട്ടൽ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഒരാഴ്ചയായി ഹെറാത്തിലെ തിരക്കേറിയ ഭാഗങ്ങളിൽ താലിബാന്റെ സദ്ഗുണ പ്രചാരണത്തിനും ദുഷ്പ്രവൃത്തി തടയുന്നതിനുമുള്ള മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യം വർധിപ്പിച്ചിട്ടുണ്ടെന്നും താലിബാൻ അനുചിതമെന്ന് കരുതുന്ന വസ്ത്രങ്ങൾ ധരിച്ചതിന് സ്ത്രീകളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും താമസക്കാർ പറഞ്ഞു.
മാന്റോ (ചുരിദാർ പോലെയുള്ള അയഞ്ഞ വസ്ത്രം) ധരിച്ചതിന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി സ്ത്രീകളെ താലിബാൻ സദാചാര പൊലീസ് അറസ്റ്റ് ചെയ്തു. അധികാരികൾ നിർദേശിക്കുന്ന ഹിജാബ് ധരിക്കാത്തതിന് ഹെറാത്തിന്റെ സെൻട്രൽ ആശുപത്രിക്ക് സമീപം നിരവധി സ്ത്രീകളെ താലിബാൻ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. പുലെ രംഗിന പ്രദേശത്ത് ഒരു സ്ത്രീ മാന്റോ ധരിച്ചതിന്റെ പേരിൽ താലിബാൻ സദാചാര പൊലീസ് അവരെ മർദിക്കുന്നത് കണ്ടതായി ഒരു സ്ത്രീ പറയുന്നു.
റിപ്പോർട്ടുകൾ പ്രകാരം, സ്ത്രീകളുടെ വസ്ത്രധാരണം നിരീക്ഷിക്കാൻ താലിബാൻ നിർവഹണ ഏജൻസികൾ പുലെ രംഗിന, സിനിമാ സ്ക്വയർ, ഗോൾഹ സ്ക്വയർ, ഡാർബ്-ഇ ഇറാഖ്, ഹെറാത്തിലെ മറ്റ് തിരക്കേറിയ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താലിബാൻ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ബുർഖ ധരിക്കാത്തതിന് താലിബാൻ മുമ്പ് ഹെറാത്തിൽ വനിതാ ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ള സ്ത്രീകളെ കസ്റ്റഡിയിലെടുത്ത് മർദിച്ചിട്ടുണ്ട്. താലിബാൻ നിർദേശങ്ങൾ അവഗണിച്ച് നഗരത്തിലെ ചില സ്ത്രീകൾ അറബി ശൈലിയിലുള്ള ഹിജാബും മാന്റോയും ധരിക്കുന്നത് തുടരുന്നു.



