ജീവൻ നിലയ്ക്കുമ്പോൾ മനുഷ്യശരീരത്തിൽ നിന്നും അപ്രത്യക്ഷമാകുന്ന അദൃശ്യമായ പ്രകാശവലയത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന കണ്ടെത്തലുകൾ ഇപ്പോൾ ശാസ്ത്രലോകത്ത് വലിയ ചർച്ചയാവുകയാണ്. കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് കാൽഗറിയിലെയും നാഷണൽ റിസർച്ച് കൗൺസിലിലെയും ശാസ്ത്രജ്ഞർ ചേർന്ന് നടത്തിയ ഈ പഠനം, ജീവനുള്ള എല്ലാ വസ്തുക്കളും ഒരു നേർത്ത പ്രകാശം പുറപ്പെടുവിക്കുന്നുണ്ടെന്നും മരണം സംഭവിക്കുന്നതോടെ അത് ഇല്ലാതാകുന്നുവെന്നും തെളിയിച്ചിരിക്കുന്നു.
ജീവന്റെ സാന്നിധ്യം വെറും ശ്വസനത്തിലോ ഹൃദയമിടിപ്പിലോ മാത്രമല്ല, ശരീരത്തിൽ നിന്ന് പുറപ്പെടുന്ന ഒരു പ്രത്യേക പ്രകാശത്തിലും അടങ്ങിയിരിക്കുന്നു എന്നാണ് പുതിയ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്. ‘ബയോഫോട്ടോൺ’ എന്ന് വിളിക്കപ്പെടുന്ന ഈ പ്രതിഭാസം എല്ലാ ജീവജാലങ്ങളിലും നിലനിൽക്കുന്നുണ്ടെന്ന് ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു. കാനഡയിലെ ഫിസിക്സിസ്റ്റ് വാഹിദ് സലാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ വിസ്മയകരമായ പരീക്ഷണം നടത്തിയത്. എലികളിലും സസ്യങ്ങളിലും നടത്തിയ പരീക്ഷണങ്ങളിലൂടെ, ജീവൻ നിലനിൽക്കുമ്പോൾ ശരീരം പ്രകാശം പുറപ്പെടുവിക്കുന്നുണ്ടെന്നും മരണം സംഭവിക്കുന്ന നിമിഷം മുതൽ ഈ പ്രകാശം അപ്രത്യക്ഷമാകുന്നുവെന്നും അവർ കണ്ടെത്തി.
നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്തത്ര നേർത്ത അളവിലുള്ള പ്രകാശകണങ്ങളെയാണ് ബയോഫോട്ടോണുകൾ അല്ലെങ്കിൽ അൾട്രാ വീക്ക് ഫോട്ടോൺ എമിഷൻ (UPE) എന്ന് വിളിക്കുന്നത്. നമ്മുടെ കോശങ്ങളിലെ രാസപ്രവർത്തനങ്ങളുടെ ഫലമായാണ് ഇവ ഉണ്ടാകുന്നത്. പ്രത്യേകിച്ച്, കോശങ്ങൾ സമ്മർദ്ദത്തിലാകുമ്പോൾ പുറപ്പെടുവിക്കുന്ന ‘റിയാക്ടീവ് ഓക്സിജൻ സ്പീഷീസ്’ എന്ന തന്മാത്രകളാണ് ഈ വെളിച്ചത്തിന് പിന്നിലെ പ്രധാന കാരണം.
ഹൈഡ്രജൻ പെറോക്സൈഡ് പോലുള്ള പദാർത്ഥങ്ങൾ ശരീരത്തിലെ കൊഴുപ്പും പ്രോട്ടീനുമായി പ്രവർത്തിക്കുമ്പോൾ ഇലക്ട്രോണുകൾ ഊർജ്ജസ്വലമാവുകയും, അവ പഴയ അവസ്ഥയിലേക്ക് മടങ്ങുമ്പോൾ ചെറിയ തോതിൽ പ്രകാശം പുറത്തുവിടുകയും ചെയ്യുന്നു. ഇതാണ് ജീവനുള്ള വസ്തുക്കളിൽ പ്രകാശവലയമായി അനുഭവപ്പെടുന്നത്.
ഈ പ്രതിഭാസം നേരിട്ട് നിരീക്ഷിക്കുന്നതിനായി ഗവേഷകർ സങ്കീർണമായ ‘ഇലക്ട്രോൺ-മൾട്ടിപ്ലൈയിംഗ് ചാർജ്ജ്-കപ്പിൾഡ് ഡിവൈസ്’ (EMCCD) ക്യാമറകളാണ് ഉപയോഗിച്ചത്. പരീക്ഷണത്തിനായി തിരഞ്ഞെടുത്ത നാല് എലികളെ പൂർണമായും ഇരുട്ടുള്ള ഒരു ബോക്സിൽ വെച്ച് നിരീക്ഷിച്ചു. അവ ജീവനോടെ ഇരുന്നപ്പോൾ ശരീരം മുഴുവൻ നേർത്ത പ്രകാശം പുറപ്പെടുവിക്കുന്നതായി കാണാൻ കഴിഞ്ഞു.
എന്നാൽ അവയെ ദയാവധത്തിന് വിധേയമാക്കിയപ്പോൾ, ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ ഈ പ്രകാശത്തിന്റെ തീവ്രത വൻതോതിൽ കുറയുകയും ഒടുവിൽ പൂർണമായും അപ്രത്യക്ഷമാവുകയും ചെയ്തു. മൃതദേഹത്തിന്റെ താപനില ജീവനുള്ളപ്പോഴത്തെ പോലെ തന്നെ നിലനിർത്തിയിട്ടും പ്രകാശം ഉണ്ടാകാത്തത്, ഇത് വെറും ശാരീരിക ചൂട് മൂലമുണ്ടാകുന്നതല്ലെന്നും മറിച്ച് ജീവന്റെ സ്പന്ദനമായ മെറ്റബോളിസം മൂലമാണെന്നും ഉറപ്പിക്കാൻ സഹായിച്ചു.
സസ്യങ്ങളിലും സമാനമായ രീതിയിൽ പരീക്ഷണം നടത്തി. അറേബിഡോപ്സിസ് താലിയാന, അംബ്രല്ല ട്രീ എന്നീ സസ്യങ്ങളുടെ ഇലകളാണ് പഠനവിധേയമാക്കിയത്. ഈ ഇലകളിൽ മുറിവുകൾ ഉണ്ടാക്കിയപ്പോഴും രാസവസ്തുക്കൾ ഉപയോഗിച്ചപ്പോഴും അവയുടെ പ്രകാശതീവ്രത വർദ്ധിക്കുന്നതായി കണ്ടെത്തി.
കോശങ്ങൾ മുറിവേൽക്കുമ്പോൾ ഉണ്ടാകുന്ന സമ്മർദമാണ് പ്രകാശം വർദ്ധിക്കാൻ കാരണം. മുറിവേറ്റ ഭാഗങ്ങൾ ഇലയുടെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് കൂടുതൽ തിളങ്ങുന്നതായും 16 മണിക്കൂർ നീണ്ട നിരീക്ഷണത്തിൽ ഗവേഷകർ കണ്ടെത്തി. ഇത് സസ്യങ്ങൾ സമ്മർദ്ദം അനുഭവിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവായി ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.
ഈ കണ്ടെത്തൽ കേവലം കൗതുകത്തിന് അപ്പുറം വലിയ വൈദ്യശാസ്ത്ര സാധ്യതകളാണ് തുറന്നിടുന്നത്. ഒരു മനുഷ്യന്റെയോ മൃഗത്തിന്റെയോ ശരീരത്തിലെ കോശങ്ങൾ എത്രത്തോളം ആരോഗ്യകരമാണെന്ന് ഈ പ്രകാശം അളക്കുന്നതിലൂടെ മനസ്സിലാക്കാൻ സാധിക്കും. ശസ്ത്രക്രിയ കൂടാതെ തന്നെ കോശങ്ങളിലെ അമിതമായ സമ്മർദ്ദമോ അസുഖങ്ങളോ കണ്ടെത്താൻ ഈ പ്രകാശം നിരീക്ഷിക്കുന്നത് സഹായിച്ചേക്കാം. ഭാവിയിൽ കൃഷിനാശങ്ങൾ മുൻകൂട്ടി അറിയാനും ബാക്ടീരിയകളുടെ വളർച്ച നിരീക്ഷിക്കാനും ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താം.



