മുംബൈ: മുംബൈ കോർപറേഷൻ (ബിഎംസി) ഭരണം ബിജെപി പിടിച്ചതോടെ സന്തോഷം പ്രകടിപ്പിച്ച് നടിയും എംപിയുമായ കങ്കണ റണാവത്ത്. പാർട്ടിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരുൾപ്പെടെയുള്ള നേതാക്കളെയും കങ്കണ അഭിനന്ദിച്ചു. 2020ൽ ശിവസേന അധികാരത്തിലിരുന്നപ്പോൾ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ കങ്കണയുടെ ബംഗ്ലാവിന്‍റെ ഒരു ഭാഗം പൊളിച്ച് മാറ്റിയത് വലിയ വിവാദമായിരുന്നു

ബിഎംസി തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വൻ വിജയത്തിൽ ഞാൻ അതിയായി സന്തോഷിക്കുന്നു. ഈ അവിശ്വസനീയമായ വിജയം നേടിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മഹാരാഷ്ട്രയിലെ മുഴുവൻ ബിജെപിക്കാരെയും ഞാൻ അഭിനന്ദിക്കുന്നു. ഇത് നമുക്കെല്ലാവർക്കും വലിയ വിജയമാണ്”- കങ്കണ റണാവത്ത് പറഞ്ഞു.

“എന്നെ അധിക്ഷേപിച്ചവരെ, എന്റെ വീട് പൊളിച്ചുമാറ്റിയവരെ, മഹാരാഷ്ട്ര വിടാൻ ഭീഷണിപ്പെടുത്തിയവരെ ഇന്ന് മഹാരാഷ്ട്ര കൈവിട്ടിരിക്കുന്നു. സ്ത്രീവിരുദ്ധർക്കും സ്വജനപക്ഷപാത മാഫിയകൾക്കും ജനങ്ങൾ പുറത്തേക്കുള്ള വഴി കാണിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്” – കങ്കണ കൂട്ടിച്ചേർത്തു.