വിമാനത്തിനുള്ളിൽ മൂന്ന് മണിക്കൂറോളം കാത്തിരുന്നിട്ടും യാത്ര പുറപ്പെടാത്തതിനെ തുടർന്ന് ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരുടെ പ്രതിഷേധം അതിരുവിട്ടു. മുംബൈയിൽ നിന്ന് തായ്‌ലൻഡിലെ ക്രാബിയിലേക്ക് പുറപ്പെടേണ്ട വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഡ്യൂട്ടി സമയം കഴിയാറായെന്ന് ചൂണ്ടിക്കാട്ടി പൈലറ്റ് ടേക്ക് ഓഫിന് വിസമ്മതിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.
ക്ഷമ നശിച്ച യാത്രക്കാർ വിമാനത്തിന്റെ വാതിൽ ചവിട്ടിത്തുറക്കാൻ ശ്രമിക്കുകയും പൈലറ്റിനെതിരെ അധിക്ഷേപ വർഷം ചൊരിയുകയും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. തരുൺ ശുക്ല എന്ന എഴുത്തുകാരനാണ് ട്വിറ്ററിലൂടെ ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്.
യാത്രക്കാരെ വിമാനത്തിൽ കയറ്റിയ ശേഷമാണ് സാങ്കേതിക കുരുക്കുകൾ ഉണ്ടായത്. ഡ്യൂട്ടി സമയം അവസാനിക്കാറായതിനാൽ വിമാനം പറത്താൻ കഴിയില്ലെന്ന് പൈലറ്റ് നിലപാടെടുത്തു. എന്നാൽ, ഈ അസൗകര്യം പൈലറ്റ് നേരത്തെ തന്നെ വിമാനക്കമ്പനി അധികൃതരെ അറിയിച്ചിരുന്നതായാണ് വിവരം. പകരക്കാരനെ ഏർപ്പെടുത്താതെ യാത്രക്കാരെ വിമാനത്തിൽ കയറ്റിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
മൂന്ന് മണിക്കൂറോളം വിമാനത്തിനുള്ളിൽ കുടുങ്ങിയ യാത്രക്കാർക്ക് കൃത്യമായ മറുപടി നൽകാനോ അവരുടെ ആശങ്ക പരിഹരിക്കാനോ അധികൃതർക്ക് സാധിച്ചില്ല. വിമാനത്തിനുള്ളിൽ യാത്രക്കാരെ നിയന്ത്രിക്കാൻ ഒരു ക്യാബിൻ ക്രൂ അംഗം മാത്രമാണ് ഉണ്ടായിരുന്നത്. ഇതിനിടെയാണ് ചില യാത്രക്കാർ നിയന്ത്രണം വിട്ട് പെരുമാറിയത്.
യാത്രക്കാർ സീറ്റിൽ നിന്ന് എഴുന്നേറ്റ് ബഹളം വെക്കുന്നതും അസ്വസ്ഥത പ്രകടിപ്പിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ഇതിനിടയിൽ ചിലർ വിമാനത്തിന്റെ വാതിൽ ചവിട്ടിപ്പൊളിക്കാൻ ശ്രമിക്കുന്നതും കാണാം. ‘അയാൾ എന്തിനാണ് എലിയെപ്പോലെ ഒളിച്ചിരിക്കുന്നത്’ എന്ന് ചോദിച്ചുകൊണ്ട് യാത്രക്കാർ പൈലറ്റിനെ അധിക്ഷേപിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
വീഡിയോ പ്രചരിച്ചതോടെ പൈലറ്റ് വിജയ് ഹിരേമത്തിനെതിരെ യാത്രക്കാർ പെരുമാറിയ രീതിയെ വിമർശിച്ചും അനുകൂലിച്ചും നിരവധിപ്പേർ രംഗത്തെത്തി. ‘വ്യോമയാന മേഖല ഒരു ബസ് സ്റ്റാൻഡ് അല്ല’ എന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെട്ടത്. ടിക്കറ്റ് എടുത്തു എന്നത് ജീവനക്കാരോട് മോശമായി പെരുമാറാനുള്ള ലൈസൻസ് അല്ലെന്നും പ്രശ്നക്കാരായ യാത്രക്കാരെ ‘നോ ഫ്ലൈ’ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു.
അതേസമയം, വിമാനക്കമ്പനിയുടെ വീഴ്ചയാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു. പൈലറ്റ് അസൗകര്യം അറിയിച്ചിട്ടും പകരം സംവിധാനം ഒരുക്കാത്തതും യാത്രക്കാരെ വിമാനത്തിനുള്ളിൽ മണിക്കൂറുകളോളം ഇരുത്തിയതും ഇൻഡിഗോയുടെ പിഴവാണെന്നാണ് ഇവരുടെ പക്ഷം. യാത്രക്കാരുടെ ക്ഷമ പരീക്ഷിക്കുന്ന സമീപനമാണ് വിമാനക്കമ്പനി സ്വീകരിച്ചതെന്നും വിമർശനമുണ്ട്. സംഭവത്തിൽ ഇൻഡിഗോ എയർലൈൻസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.



