ഇറാനെതിരെ ശക്തമായ സൈനിക നടപടി സ്വീകരിക്കാനുള്ള നീക്കത്തിൽ നിന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താൽക്കാലികമായി പിന്മാറി. മേഖലയിലെ പ്രമുഖ അറബ് രാജ്യങ്ങളുടെ ശക്തമായ ഇടപെടലിനെത്തുടർന്നാണ് ഈ തീരുമാനം ഉണ്ടായതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൗദി അറേബ്യ, ഖത്തർ, ഒമാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ട്രംപിനെ അനുനയിപ്പിക്കാൻ മുൻകൈ എടുത്തത്.
ഇറാനിലെ പ്രതിഷേധക്കാർക്കെതിരെ സർക്കാർ നടത്തുന്ന അടിച്ചമർത്തലുകളിൽ പ്രതിഷേധിച്ച് സൈനിക നീക്കം നടത്തുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇറാനിൽ ആക്രമണം നടത്തുന്നത് മിഡിൽ ഈസ്റ്റിൽ വലിയ സാമ്പത്തിക തകർച്ചയ്ക്കും സുരക്ഷാ ഭീഷണിക്കും കാരണമാകുമെന്ന് അറബ് രാജ്യങ്ങൾ മുന്നറിയിപ്പ് നൽകി. മേഖലയിലെ സമാധാനം തകരുന്ന സാഹചര്യം ഒഴിവാക്കാൻ ട്രംപ് ഈ നിർദ്ദേശങ്ങൾ മുഖവിലയ്ക്കെടുത്തു.
ഇറാനിലെ കൊലപാതകങ്ങൾ നിലച്ചുവെന്നും തടവിലാക്കപ്പെട്ടവരെ വധിക്കില്ലെന്നും വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് തനിക്ക് ഉറപ്പ് ലഭിച്ചതായി ട്രംപ് വ്യക്തമാക്കി. ഇറാന് ഒരു അവസരം കൂടി നൽകണമെന്ന് അറബ് നേതാക്കൾ ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് ആക്രമണ പദ്ധതിയിൽ നിന്നും തൽക്കാലം വിട്ടുനിൽക്കാൻ അമേരിക്ക തീരുമാനിച്ചത്.
അറബ് രാജ്യങ്ങളുടെ ഈ നയതന്ത്ര വിജയം മേഖലയിലെ യുദ്ധഭീതിക്ക് അറുതി വരുത്തിയിരിക്കുകയാണ്. എങ്കിലും ഇറാനിലെ സംഭവവികാസങ്ങൾ അമേരിക്ക സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഇറാന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായാൽ കർശന നടപടി ഉണ്ടാകുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.



