ഉത്തര്‍പ്രദേശില്‍ രോഗികള്‍ക്കൊപ്പം ആശുപത്രി കിടക്കയില്‍ എലികളുടെ വിളയാട്ടം. ഉത്തര്‍പ്രദേശിലെ  ഗോണ്ട മെഡിക്കല്‍ കോളേജിലെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് യോഗി സര്‍ക്കാരിനെതിരെ കോൺഗ്രസ് രൂക്ഷ വിമര്‍ശനമുയര്‍ത്തി.യോഗി സര്‍ക്കാരിന്‍റെ കാലത്ത് ഉത്തര്‍പ്രദേശില്‍ ആരോഗ്യ രംഗം ഏറെ വളര്‍ന്നുവെന്ന് അവകാശവാദം മുഴക്കുമ്പോഴാണ് ഗോണ്ട സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങളൾ പുറത്ത് വന്നത്.

ഓര്‍ത്തോ പീഡിക് വാര്‍‍ഡിലെ കട്ടിലുകളില്‍ രോഗികള്‍ക്കൊപ്പം എലികള്‍, ഓക്സിജന്‍ പൈപ്പ് ലൈനിലും, സമീപം വച്ചിരിക്കുന്ന പാത്രങ്ങളിലുമൊക്കെ എലികള്‍ സ്വൈര്യ വിഹാരം നടത്തുകയാണ്. ആശുപത്രി അധികൃതരോട് കേണ് പറഞ്ഞിട്ടും ഒരു നടപടിയുമുണ്ടാകാതെ വന്നതോടെ ഒരു രോഗിയുടെ കൂട്ടിരിപ്പുകാരന്‍ രംഗം പകര്‍ത്തി സമൂഹമാധ്യമത്തിലിടുകയായിരുന്നു. അതേസമയം, വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും കളിയാക്കലുകളും ഉയരുന്നുണ്ട്. ഡോക്ടർമാർ ഉറങ്ങുകയാണ് എലികൾ അവരുടെ ഡ്യൂട്ടി ചെയ്യുന്നു എന്നും വിമർശനം ഉയർന്നിട്ടുണ്ട്.