മാവേലിക്കര/തിരുവല്ല: ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കുംമുൻപും പോലീസിനോട് രൂക്ഷമായി പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. ‘ഞാൻ പൂർണമായും സഹകരിച്ചില്ലേ. നിങ്ങളെ വിശ്വസിച്ചല്ലേ പലകാര്യങ്ങളും പറഞ്ഞത്. അതെല്ലാം മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുക്കാമോ…’ -എന്നായിരുന്നു ചോദ്യം. ഇതിനോട് ഉദ്യോഗസ്ഥരാരും പ്രതികരിച്ചില്ല. ഞാൻ എംഎൽഎയല്ലേയെന്നും ആവർത്തിച്ച് ചോദിക്കുന്നുണ്ടായിരുന്നു.
അതേസമയം രാഹുലിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. 15-ന് ഉച്ചവരെയാണ് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് അരുന്ധതി ദിലീപ് കസ്റ്റഡി അനുവദിച്ചത്. 16-ന് ജാമ്യാപേക്ഷ പരിഗണിക്കും.
ചൊവ്വാഴ്ച രാഹുലിനായി ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും കസ്റ്റഡി അപേക്ഷ മാത്രമാണ് പരിഗണിച്ചത്. ക്രമപ്രകാരമുള്ള അറസ്റ്റ് നടപടികളല്ല ഉണ്ടായതെന്ന് രാഹുലിന്റെ അഭിഭാഷകൻ അഭിലാഷ് ചന്ദ്രൻ വാദിച്ചു. അറസ്റ്റ് മെമ്മോയിലടക്കം രാഹുൽ ഒപ്പിടാത്തത് അന്വേഷണത്തോട് സഹകരിക്കാതിരിക്കുന്നതിന്റെ ഭാഗമാണെന്ന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം.ജി. ദേവി ചൂണ്ടിക്കാട്ടി.
കാനഡയിൽ ജോലി ചെയ്യുന്ന 31-കാരിയുടെ പരാതിയിലാണ് രാഹുലിനെ ശനിയാഴ്ച രാത്രി പാലക്കാട്ടുനിന്ന് അറസ്റ്റ് ചെയ്തത്. രാഹുലിനെ പത്തനംതിട്ട എആർ ക്യാമ്പിലേക്ക് മാറ്റി.



