മിഷിഗനിലെ ഫാക്ടറി സന്ദർശനത്തിനിടെ ‘ബാലപീഡകരെ സംരക്ഷിക്കുന്നവൻ’ എന്ന് വിളിച്ചുപറഞ്ഞയാൾക്കെതിരെ അശ്ലീല ആംഗ്യം കാണിച്ചും അസഭ്യംപറഞ്ഞും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മിഷിഗനിലെ ‘ഫോർഡ്’ ഫാക്ടറി സന്ദർശിക്കുന്നതിനിടെയാണ് ഒരാൾ ട്രംപിനെ ‘പിഡോഫൈൽ പ്രൊട്ടക്‌ടർ’ എന്ന് വിളിച്ചുപറഞ്ഞത്. ഇതോടെ രോഷാകുലനായ ട്രംപ്, ഇയാൾക്കുനേരേ അസഭ്യം പറയുകയും നടുവിരൽ ഉയർത്തി അശ്ലീല ആംഗ്യം കാണിക്കുകയുമായിരുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയാണ്.
അതേസമയം, പ്രസിഡന്റിനെതിരെ അധിക്ഷേപം നടത്തിയ ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും എന്നാൽ, അയാൾക്ക് അർഹിക്കുന്നതാണ് കിട്ടിയതെന്നും വൈറ്റ്ഹൗസ് വക്താവ് സ്റ്റീവൻ ചെങ് പ്രതികരിച്ചു. അമേരിക്കയിലെ കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് ഡൊണാൾഡ് ട്രംപെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അടുത്തിടെയാണ് എപ്സ്റ്റീൻ ഫയൽസിലെ വിശദാംശങ്ങൾ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടുതുടങ്ങിയത്.
അതേസമയം, ഇതുവരെ പുറത്തുവിട്ട എപ്സ്റ്റീൻ ഫയലുകളിൽ ട്രംപിനെക്കുറിച്ച് കാര്യമായ പരാമർശങ്ങളുണ്ടായിരുന്നില്ല. എന്നാൽ, മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റണിന്റെ പല സ്വകാര്യചിത്രങ്ങളും ആദ്യംപുറത്തുവിട്ട ഫയലുകളിലുണ്ടായിരുന്നു.എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടുന്നതിൽ ട്രംപ് ഭരണകൂടത്തിന് കീഴിലുള്ള യുഎസ് നീതിന്യായ വകുപ്പിനാണ് പൂർണനിയന്ത്രണം. അതിനാൽ ഏതൊക്കെ രേഖകൾ പുറത്തുവിടുമെന്ന് ഇതുവരെ വ്യക്തമല്ല. പുറത്തുവിടേണ്ട രേഖകൾ തിരഞ്ഞെടുക്കുന്നതിലെ മാനദണ്ഡങ്ങളും വ്യക്തമാക്കിയിട്ടില്ല.
അമേരിക്കയിലെ കോടീശ്വരനും കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയുമായിരുന്നു ജെഫ്രി എപ്സ്റ്റീൻ. പെൺസുഹൃത്തിനൊപ്പം ചേർന്ന് നിരവധി പെൺകുട്ടികളെ തന്റെ സ്വകാര്യദ്വീപിലേക്ക് കടത്തിക്കൊണ്ടുപോയി ലൈംഗികമായി ചൂഷണംചെയ്തെന്നായിരുന്നു എപ്സ്റ്റീനെതിരായ കേസ്. ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന പല പ്രമുഖരും പെൺകുട്ടികളെ ദുരുപയോഗംചെയ്തെന്നാണ് പറയപ്പെടുന്നത്. നിരവധി പെൺകുട്ടികളെ കടത്തിക്കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത എപ്സ്റ്റീൻ 2006-ലാണ് അറസ്റ്റിലായത്.
2008-ൽ ഒരുകേസിൽ വിചാരണ പൂർത്തിയാക്കി എപ്സ്റ്റീനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടർന്ന് ലൈംഗിക കുറ്റകൃത്യങ്ങളിൽ വിചാരണ കാത്ത് കഴിയുന്നതിനിടെ 2019 ഓഗസ്റ്റ് പത്തിന് ഇയാളെ ജയിലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കേസിൽ ഉൾപ്പെട്ട എപ്സ്റ്റീന്റെ പെൺസുഹൃത്തായ മാക്സ് വെല്ലിനെ കോടതി 20 വർഷം തടവിനും ശിക്ഷിച്ചിരുന്നു.



