2026 ഇന്ത്യ ഓപ്പൺ ടൂർണമെന്റിൽ നിന്ന് ലോക മൂന്നാം നമ്പർ താരം ആൻഡേഴ്‌സ് ആന്റൺസെൻ പിന്മാറി. ന്യൂഡൽഹിയിലെ അപകടകരമായ വായു മലിനീകരണ തോത് ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം. ഡൽഹിയിൽ  പ്രൊഫഷണൽ ബാഡ്മിന്റണിന് അനുയോജ്യമായ അന്തരീക്ഷമല്ലെന്ന് ആന്റൺസെൻ വായു ഗുണനിലവാര സൂചികയുടെ (AQI) സ്ക്രീൻഷോട്ട് പങ്കിട്ട്  സോഷ്യൽ മീഡിയയിൽ കുറിച്ചു.

ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ (BWF) ചട്ടങ്ങൾ പ്രകാരം, മികച്ച 15 സിംഗിൾസ് കളിക്കാർ എങ്കിലും സൂപ്പർ 750 ഇവന്റുകളിൽ പങ്കെടുക്കണം അല്ലെങ്കിൽ  പിഴകൾ നേരിടേണ്ടി വരും. റാങ്കിംഗിനേക്കാൾ ആരോഗ്യമാണ് മുഖ്യമെന്ന് പറഞ്ഞ് ആന്റൺസെൻ വീണ്ടും 5,000 യുഎസ് ഡോളർ പിഴ ഒടുക്കി.

ഈ പിന്മാറ്റം  ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യയെ (BAI) സംബന്ധിച്ചിടത്തോളം വളരെ സെൻസിറ്റീവ് ആണ്. ഈ ഓഗസ്റ്റിൽ ഇതേ വേദിയിൽ നടക്കാനിരിക്കുന്ന 2026 BWF ലോക ചാമ്പ്യൻഷിപ്പിനുള്ള ഒരു പരീക്ഷണ ഓട്ടം എന്ന നിലയിലാണ് നിലവിലെ ടൂർണമെന്റിനെ കണക്കാക്കുന്നത്.