തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിയമപരമായ നടപടിക്ക് പാർട്ടി എതിരല്ലെന്ന് ഷാഫി പറമ്പിൽ എം പി. രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ പാർട്ടിയുടെ ഭാഗമല്ല. ഞാനുമായുള്ള സൗഹൃദം പാർട്ടി നടപടിക്ക് തടസ്സമായിട്ടില്ലെന്നും ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു. രാഹുലിനെതിരായ മൂന്നാം ബലാത്സം​ഗക്കേസിൽ വടകരയിലെ ഫ്ലാറ്റിനെക്കുറിച്ചുള്ള യുവതിയുടെ മൊഴിയിലെ പരാമര്‍ശത്തിന് താൻ മറുപടി പറയേണ്ടതില്ലെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു. തന്‍റെ പേര് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോയെന്നായിരുന്നു ഷാഫിയു‌ടെ ചോദ്യം. സത്യം തെളിഞ്ഞു വരട്ടെയന്നും ഷാഫി പറമ്പിൽ മാധ്യമ മാധ്യമങ്ങളോട് പറഞ്ഞു.

മൂന്നാമത്തെ ബലാത്സംഗ പരാതിയിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ റിമാൻഡിലാണ്. രാഹുലിന്റെ കസ്റ്റഡി അപേക്ഷ നാളെ കോടതി പരിഗണിക്കും. ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ രാഹുലിനെ കോടതിയിൽ ഹാജരാക്കാനുള്ള പ്രൊഡക്ഷൻ വാറണ്ടും തിരുവല്ല മജിസ്ട്രേറ്റ് പുറപ്പെടുവിച്ചു. ലൈംഗിക അതിക്രമം നടന്ന ഹോട്ടലിൽ എത്തിച്ച് തെളിവെടുക്കണം, രാഹുലിന്റെ മൊബൈൽ ഫോണുകൾ കണ്ടെത്തണം, പണം ഇടപാടുകളുടെ കൂടുതൽ വിവരങ്ങൾ തേടണം, വിശദമായുള്ള ചോദ്യം ചെയ്യൽ തുടരണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കസ്റ്റഡി അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഇന്ന് രാഹുലിന്റെ ജാമ്യാപേക്ഷ കൂടി പരിഗണിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. നിലനിൽക്കാത്ത കുറ്റത്തിനാണ് രാഹുലിനെ അറസ്റ്റ് ചെയ്തത് എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. നോട്ടീസ് നൽകാതെ കസ്റ്റഡിയിലെടുത്തതും അറസ്റ്റ് ചെയ്തതും ചട്ടവിരുദ്ധമാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. എന്നാൽ പൊലീസ് റിപ്പോർട്ട് പോലും കിട്ടാത്ത കേസിൽ എങ്ങനെ ജാമ്യാപേക്ഷ പരിഗണിക്കുമെന്നായിരുന്നു കോടതിയുടെ ചോദ്യം. അടുത്ത ദിവസം വിശദമായ പോലീസ് റിപ്പോർട്ട് കിട്ടിയതിനുശേഷം ജാമ്യ അപേക്ഷ പരിഗണിക്കാമെന്നും കോടതി പറഞ്ഞു.