വഡോദരയില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ സൂപ്പര്‍ താരം രോഹിത് ശര്‍മ. ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ഒന്നാം മത്സരത്തിലാണ് സിക്‌സര്‍ വേട്ടയില്‍ ഇന്ത്യയുടെ മുന്‍നായകന്‍ റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയത്.

മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ ഹിറ്റ്മാന്‍ 29 പന്തില്‍ 26 റണ്‍സെടുത്താണ് പുറത്തായത്. മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സുമാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 650 സിക്‌സറെന്ന മാന്ത്രിക സംഖ്യ തൊട്ടിരിക്കുകയാണ് രോഹിത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറടിച്ച ബാറ്ററും രോഹിത് ശര്‍മയാണ്.

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന ഓപ്പണര്‍ എന്ന റെക്കോര്‍ഡും ഹിറ്റ്മാന്‍ സ്വന്തം പേരിലെഴുതിച്ചേര്‍ത്തു. ഏകദിന ക്രിക്കറ്റില്‍ രോഹിത്തിന്റെ നേട്ടം 329 സിക്‌സുകളായിരുന്നു. 328 സിക്‌സുകള്‍ നേടിയ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ലിനെ മറികടന്നാണ് രോഹിത് നേട്ടത്തില്‍ ഒന്നാമതെത്തിയത്.