പാലക്കാട്ടെ മിന്നുന്ന ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിറകെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എക്ക് എതിരെ തുടർച്ചയായ ബലാത്സംഗം പരാതികൾ വന്നത്. കുറ്റകൃത്യമെല്ലാം 2025 ന് മുൻപ് നടന്നതാണ്. എല്ലാ കേസുകളിലും സമാന ആരോപണങ്ങളാണ് രാഹുലിനെതിരെ ഉയർന്നിട്ടുള്ളത്. വിവാഹ വാഗ്ദാനം നൽകി അടുപ്പം സ്ഥാപിക്കുക. കുഞ്ഞ് വേണമെന്ന് പറഞ്ഞ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക. ഗർഭിണി ആകുമ്പോൾ ഭീഷണപ്പെടുത്തി ബന്ധം അവസാനിപ്പിക്കുക എന്നതാണ് രാഹുലിന്റെ രീതി.
സ്ഥിരം കുറ്റവാളി
മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ അറസ്റ്റ് റിപ്പോർട്ട് ലഭിച്ചു. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ എന്നീ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. രാഹുൽ ഒരു സ്ഥിരം കുറ്റവാളി (ഹാബിച്ചൽ ഒഫൻഡർ) ആണെന്നടക്കമുള്ള ഗുരുതര പരാമർശമടക്കം അറസ്റ്റ് റിപ്പോർട്ടിലുണ്ട്. കേസ് എടുക്കുന്നതിന് മുൻപുതന്നെ പ്രതി പരാതിക്കാരിയെ നേരിട്ട് ഭീഷണിപ്പെടുത്തിയെന്നും, എം എൽ എ എന്ന അധികാരം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും പരാതിക്കാരിയെ സൈബർ ആക്രമണങ്ങളിലൂടെ മാനസിക സമ്മർദ്ദത്തിലാക്കാനും സാധ്യതയുണ്ടെന്നും പോലീസ് വിവരിച്ചിട്ടുണ്ട്.
നേരത്തയുള്ള കേസിൽ പത്ത് ദിവസത്തോളം ഒളിവിൽ പോയി നിയമത്തെ വെല്ലുവിളിച്ചയാളാണ് പ്രതി. നിലവിൽ പരാതിക്കാരിയുടെ ജീവന് തന്നെ രാഹുൽ ഭീഷണിയാണെന്നും അവരുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തി മാനസിക സമ്മർദ്ദത്തിലാക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്. മൂന്നാമത്തെ ബലാത്സംഗ കേസിൽ ഇന്നലെ അർദ്ധരാത്രി 12.30 നാണ് രാഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. പിന്നീട് പത്തനംതിട്ട എ ആർ ക്യാംപിലെത്തിക്കുകയായിരുന്നു. ഇവിടെ നിന്ന് ആശുപത്രിയിൽ കൊണ്ടുപോയി വൈദ്യ പരിശോധനയടക്കം നടത്തിയാണ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. വലിയ പ്രതിഷേധമാണ് ആശുപത്രിയിലും മജിസ്ട്രേറ്റിന്റെ വസതിക്ക് മുന്നിലും രാഹുലിനെതിരെ ഡി വൈ എഫ് ഐയും യുവമോർച്ചയും ഉയർത്തിയത്.



