അന്താരാഷ്ട്ര കായിക മേളകളിൽ പങ്കെടുക്കാൻ പോകുന്ന ഉദ്യോഗസ്ഥർ അത്ലറ്റുകളുടെ ആവശ്യങ്ങൾ കണ്ടില്ലെന്ന് നടിച്ച് ‘കുടുംബത്തോടൊപ്പമുള്ള വിനോദയാത്ര’യായി മാറ്റുന്ന പ്രവണത വച്ചുപൊറുപ്പിക്കില്ലെന്ന് കേന്ദ്ര കായിക മന്ത്രാലയം. അഹമ്മദാബാദിൽ നടന്ന ‘സ്പോർട്സ് ഗവേണൻസ് കോൺക്ലേവി’ലാണ് നാഷണൽ സ്പോർട്സ് ഫെഡറേഷൻ (NSF) ഭാരവാഹികൾക്കും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (IOA) ഉദ്യോഗസ്ഥർക്കും കേന്ദ്രം കർശന താക്കീത് നൽകിയത്. കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ, ഗുജറാത്ത് ഉപമുഖ്യമന്ത്രി ഹർഷ് സംഘവി, കായിക സെക്രട്ടറി ഹരി രഞ്ജൻ റാവു എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വലിയ സംഘം ഉദ്യോഗസ്ഥർ വിദേശത്തേക്ക് പോവുകയും, അത്ലറ്റുകൾക്ക് സഹായം ആവശ്യമുള്ളപ്പോൾ ഒരാൾ പോലും കൂടെയുണ്ടാകാതിരിക്കുകയും ചെയ്യുന്നത് നാണക്കേടാണെന്ന് കായിക സെക്രട്ടറി ഹരി രഞ്ജൻ റാവു പറഞ്ഞു. ‘താരങ്ങൾക്കായി 100 ശതമാനവും നിങ്ങൾ കൂടെയുണ്ടാകണം. ഇതൊരു വിനോദയാത്രയാണെന്ന് കരുതുന്നുണ്ടെങ്കിൽ ദയവായി പോകരുത്. അങ്ങനെയുള്ളവരെ ഞങ്ങൾക്ക് ആവശ്യമില്ല,’ റാവു തുറന്നടിച്ചു. പല വമ്പൻ കായിക മേളകളിലും ഉദ്യോഗസ്ഥരുടെ അസാന്നിധ്യം അത്ലറ്റുകൾ പരാതിപ്പെട്ടിട്ടുള്ള സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.
സെപ്റ്റംബർ 19 മുതൽ ഒക്ടോബർ നാല് വരെ ജപ്പാനിലെ ഐച്ചി-നഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ടീം ലിസ്റ്റ് സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 15 ആണ്. സപ്പോർട്ട് സ്റ്റാഫ് ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ ഈ തീയതിക്കകം നൽകണം. ‘ജപ്പാനിലെ സംഘാടകർ ജനുവരി 30 ആണ് അന്തിമ തീയതിയായി നിശ്ചയിച്ചിരിക്കുന്നത്. അവർ സമയക്രമത്തിൽ വിട്ടുവീഴ്ചയില്ലാത്തവരാണ്. പേര് നൽകിയില്ലെങ്കിൽ ഗെയിംസ് നഷ്ടപ്പെടാം,’ കായിക സെക്രട്ടറി ഓർമ്മിപ്പിച്ചു. ജപ്പാനിലെ സാമൂഹിക മര്യാദകളെക്കുറിച്ചും ഭക്ഷണശീലങ്ങളെക്കുറിച്ചും താരങ്ങൾക്ക് പ്രത്യേക പരിശീലനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അംഗീകാരം ലഭിച്ച 10 വർഷത്തെ മെഡൽ തന്ത്രം കോൺക്ലേവിൽ അവതരിപ്പിച്ചു. 2036-ൽ ഇന്ത്യ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാൻ തയ്യാറെടുക്കുമ്പോൾ മെഡൽ പട്ടികയിൽ ആദ്യ പത്തിൽ എത്താനാണ് ലക്ഷ്യമിടുന്നത്.
2036 ഒളിംപിക്സ്: 12-14 സ്വർണ്ണ മെഡലുകൾ, ആകെ 30-35 മെഡലുകൾ.
2048 ഒളിംപിക്സ്: 35-40 സ്വർണ്ണ മെഡലുകൾ, ആകെ 100 മെഡലുകൾ (ആദ്യ 5 സ്ഥാനങ്ങളിൽ എത്താൻ).
ചൈന 2008-ലെ ബീജിംഗ് ഒളിംപിക്സിന് മുന്നോടിയായി നടപ്പാക്കിയ ‘പ്രോജക്റ്റ് 119’ മാതൃകയാക്കിയാണ് ഇന്ത്യയുടെ മുന്നേറ്റം ആസൂത്രണം ചെയ്യുന്നത്. അത്ലറ്റിക്സ്, നീന്തൽ തുടങ്ങിയ ഇനങ്ങളിൽ ചൈന ശ്രദ്ധ കേന്ദ്രീകരിച്ചത് പോലെ ഇന്ത്യയും മെഡൽ സാധ്യതയുള്ള ഇനങ്ങൾ കണ്ടെത്തും.
ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ ഗ്ലാസ്ഗോയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ (CWG) ഇന്ത്യയുടെ മെഡൽ നേട്ടം കുറഞ്ഞേക്കുമെന്ന് വിലയിരുത്തലുണ്ട്. ഹോക്കി, ബാഡ്മിന്റൺ, ഷൂട്ടിംഗ്, ഗുസ്തി തുടങ്ങിയ ഇന്ത്യയുടെ പ്രധാന ഇനങ്ങൾ ബജറ്റ് ചുരുക്കലിന്റെ ഭാഗമായി ഒഴിവാക്കിയതാണ് ഇതിന് കാരണം. ഏകദേശം 20-ഓളം മെഡലുകൾ മാത്രമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. എന്നാൽ ഏഷ്യൻ ഗെയിംസിൽ 111 മെഡലുകൾ നേടി ചരിത്രം തിരുത്താനാണ് ഇന്ത്യയുടെ ലക്ഷ്യം.
പുല്ലേല ഗോപിചന്ദ് സമിതിയുടെ നിർദ്ദേശപ്രകാരം പരിശീലകർക്ക് സർട്ടിഫിക്കേഷൻ നൽകുന്ന ബോർഡ് രൂപീകരിക്കും. ഗ്രാസ്റൂട്ട്, ഇന്റർമീഡിയറ്റ്, എലൈറ്റ് എന്നിങ്ങനെ തരംതിരിച്ചാകും സർട്ടിഫിക്കേഷൻ. ഫെഡറേഷൻ ഭാരവാഹികൾ ഭരണകാര്യങ്ങളിൽ മാത്രം ഒതുങ്ങാതെ അന്താരാഷ്ട്ര ബന്ധങ്ങൾ വളർത്താനും കായിക വികസനത്തിൽ ശ്രദ്ധിക്കാനും മന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. ഹോക്കിയുടെ ഉന്നമനത്തിനായി ഒഡീഷ സർക്കാർ നൽകിയ പിന്തുണ മാതൃകയാക്കി ഓരോ ഫെഡറേഷനും ഒരു സംസ്ഥാന സർക്കാരിനെ സാമ്പത്തിക പങ്കാളിയായി കണ്ടെത്തണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.



