ന്യൂഡൽഹി: കുടുംബത്തിന്റെ വലിപ്പം ദേശീയ സുരക്ഷയുമായി ബന്ധപ്പെടുത്തിയും ഹൈന്ദവർക്ക് കൂടുതൽ കുട്ടികൾ വേണമെന്നും ആവശ്യപ്പെട്ട ബിജെപി നേതാവ് നവ്നീത് റാണയുടെ പ്രസ്താവനയോട് പ്രതികരിച്ച് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. തനിക്ക് ആറ് കുട്ടികളുണ്ടെന്നും നാല് കുട്ടികൾക്ക് ജന്മം നൽകുന്നതിൽനിന്ന് നവ്നീത് റാണയെ ആരാണ് തടയുന്നതെന്നും ഓവൈസി ചോദിച്ചു. ധാരാളം കുട്ടികളെ പ്രസവിച്ച് ഹിന്ദുസ്ഥാനെ പാകിസ്താനാക്കാൻ ശ്രമിക്കുന്ന ചിലരുടെ ലക്ഷ്യത്തെ നേരിടണമെന്ന് ആവശ്യപ്പെട്ടതിലൂടെ നവ്നീത് റാണ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ഡിസംബറിലായിരുന്നു സംഭവം.
രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് മഹാരാഷ്ട്രയിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവാദമില്ലെന്നും ഒവൈസി ചൂണ്ടിക്കാട്ടി. ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ സാന്നിധ്യത്തിൽ മൂന്നിൽ കൂടുതൽ കുട്ടികളെ വേണമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു പറഞ്ഞതും ഒവൈസി ഓർമ്മിപ്പിച്ചു. അതുകൊണ്ടുതന്നെ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകുന്നതിനെ ആരും തടയുന്നില്ലെന്നും ഒവൈസി പറഞ്ഞു.
“ഞാൻ എല്ലാ ഹൈന്ദവരോടും അഭ്യർഥിക്കുന്നു. ഇവർ കുട്ടികളെ പ്രസവിക്കുന്നതിനെക്കുറിച്ച് തുറന്നുപറയുന്നു, അവർക്ക് നാല് ഭാര്യമാരും 19 കുട്ടികളും ഉണ്ടെന്ന് പറയുന്നു. നമ്മൾ കുറഞ്ഞത് മൂന്നോ നാലോ കുട്ടികൾക്ക് ജന്മം നൽകണം എന്നാണ് എനിക്ക് പറയാനുള്ളത്. അദ്ദേഹം മൗലാനയാണോ അതോ മറ്റൊരാളാണോ എന്ന് എനിക്കറിയില്ല, പക്ഷേ അദ്ദേഹത്തിന് 19 കുട്ടികളും നാല് ഭാര്യമാരും ഉണ്ടെന്നും എന്നാൽ 30 കുട്ടികളുടെ ഒരു ക്വാറം പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും പറഞ്ഞു. ധാരാളം കുട്ടികളെ പ്രസവിച്ച് ഹിന്ദുസ്ഥാനെ പാകിസ്താൻ ആക്കാനാണ് അവരുടെ പദ്ധതി, അപ്പോൾ എന്തുകൊണ്ട് നമ്മൾ ഒരു കുട്ടിയിൽ മാത്രം സംതൃപ്തരാകണം? നമ്മളും മൂന്നോ നാലോ കുട്ടികൾക്ക് ജന്മം നൽകണം,” മുൻ എംപി കൂടിയായ നവ്നീത് റാണ പറഞ്ഞതിങ്ങനെ.



