കൊൽക്കത്ത: ഐപിഎല്ലിൽനിന്ന് പേസർ മുസ്താഫിസുർ റഹ്‌മാനെ ഒഴിവാക്കിയതിന് പിന്നാലെ കടുത്ത നിലപാടുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്(ബിസിബി). ടി20 ലോകകപ്പിന് ഇന്ത്യയിലേക്ക് ടീമിനെ അയക്കില്ലെന്ന നിലപാടെടുത്ത ബിസിബി ഇപ്പോൾ മുസ്താഫിസുറിന്റെ എൻഒസി പിൻവലിക്കാനൊരുങ്ങുകയാണ്. ഐപിഎല്ലിൽ കളിക്കാൻ ക്രിക്കറ്റ് ബോർഡ് നൽകിയ എതിർപ്പില്ലാ സാക്ഷ്യപത്രമാണ് പിൻവലിക്കുന്നത്. അതോടെ മുസ്താഫിസുർ വിഷയത്തിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകുകയാണ്.
താരത്തിന് ഐപിഎൽ ടൂർണമെന്റ് കളിക്കാനുള്ള എൻഒസി പിൻവലിക്കാനുള്ള നിർണായകതീരുമാനമാണ് ബിസിബി കൈക്കൊണ്ടിരിക്കുന്നത്. എൻഒസി പിൻവലിക്കുന്നതോടുകൂടി മുസ്താഫിസുറിന് ഐപിഎല്ലിൽ കളിക്കാനാവില്ല. അതായത് നിലവിൽ കൊൽക്കത്ത ടീമിൽനിന്ന് ഒഴിവാക്കിയെങ്കിലും ഭാവിയിൽ തീരുമാനം മാറ്റി താരത്തെ ടീമിലെടുത്താലും മുസ്താഫിസുറിന് ഐപിഎല്ലിൽ കളിക്കാനാവില്ല. സുരക്ഷാകാരണങ്ങൾ മുൻനിർത്തിയാണ് തീരുമാനം. വിഷയത്തിൽ ബംഗ്ലാദേശ് ഇന്ത്യക്കെതിരേ കടുത്ത നിലപാടിലേക്ക് കടക്കുകയാണെന്നർഥം.
അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പിന് ഇന്ത്യയിലേക്ക് ടീമിനെ അയക്കില്ലെന്ന് ബംഗ്ലാദേശിന്റെ യുവജന, കായിക ഉപദേഷ്ടാവ് അറിയിച്ചിരുന്നു. 17 ബോർഡ് ഡയറക്ടർമാർ പങ്കെടുത്ത യോഗത്തിലാണ് വിട്ടുനിൽക്കാൻ ബിസിബി തീരുമാനമെടുത്തത്. പിന്നാലെ ഐസിസിക്ക് ഇതുസംബന്ധിച്ച കത്ത് നൽകി. ബംഗ്ലാദേശ് ടീമിന്റെ മത്സരങ്ങൾ ഇന്ത്യയിൽനിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ആവശ്യവും ബോർഡ് മുന്നോട്ടുവെച്ചിട്ടുണ്ട്. ലോകകപ്പിൽ കൊൽക്കത്തയിൽ മൂന്നും മുംബൈയിൽ ഒന്നും ഉൾപ്പെടെ നാല് മത്സരങ്ങളാണ് ബംഗ്ലാദേശിന് ഇന്ത്യയിലുള്ളത്.
നേരത്തേ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ നിർദേശത്തെത്തുടർന്നാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബംഗ്ലാദേശ് പേസർ മുസ്താഫിസുർ റഹ്‌മാനെ ടീമിൽനിന്ന് ഒഴിവാക്കിയത്. മുസ്താഫിസുറിനെ കളിപ്പിക്കുന്നതിനെതിരേ ഭീഷണിയും വിമർശനവും കടുത്തതോടെയാണ് ബിസിസിഐ നൈറ്റ് റൈഡേഴ്‌സിന് നിർദേശം നൽകിയത്. ബംഗ്ലാദേശിലെ മാറിയ രാഷ്ട്രീയകാലാവസ്ഥയും ഇന്ത്യക്കാർക്കുനേരേയുണ്ടാകുന്ന ആക്രമണങ്ങളുമാണ് മുസ്താഫിസുറിനെ ടീമിൽ ഉൾപ്പെടുത്തുന്നതിനെതിരായ നീക്കങ്ങൾക്കു കാരണം. താരത്തെ ടീമിൽനിന്ന് ഒഴിവാക്കാൻ ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈക്കിയയാണ് നിർദേശം നൽകിയത്.
ലേലത്തിൽ 9.20 കോടി രൂപയ്ക്കാണ് താരത്തെ കൊൽക്കത്ത ടീമിലെത്തിച്ചത്. സൺറൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപിറ്റൽസ്, ചെന്നൈ സൂപ്പർ കിങ്‌സ് ടീമുകളിൽ കളിച്ചിട്ടുള്ള മുസ്താഫിസുർ 60 മത്സരങ്ങളിൽനിന്ന് 65 വിക്കറ്റും നേടിയിട്ടുണ്ട്.



