ന്യൂഡൽഹി: വെനസ്വേലൻ നേതാവ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിലേക്ക് നീങ്ങിയ യുഎസ് സൈനിക നടപടിയ്‌ക്കെതിരെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. ‘കയ്യൂക്കുള്ളവൻ കാര്യക്കാരൻ’ എന്നാണ് തരൂർ വെനസ്വേലയ്ക്കെതിരെയുള്ള യുഎസ് നടപടിയെക്കുറിച്ച് എക്സ് പോസ്റ്റിലൂടെ പ്രതികരിച്ചിരിക്കുന്നത്.
“അന്താരാഷ്ട്ര നിയമങ്ങളും ഐക്യരാഷ്ട്രസഭ ചാർട്ടറും കുറച്ചുകാലമായി ലംഘിക്കപ്പെട്ടുവരികയാണ്. ഇന്ന് കാടിന്റെ നിയമമാണ് നിലനിൽക്കുന്നത്. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നതാണ് പുതിയ അനുശാസനം”, എഴുത്തുകാരൻ കപിൽ കോമിറെഡ്ഡിയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് തരൂർ പ്രതികരിച്ചു. വെനസ്വേലയിൽ ട്രംപ് നടത്തിയ നീക്കത്തേക്കുറിച്ചാണ് കപിൽ കോമിറെഡ്ഡിയുടെ പോസ്റ്റ്.
“ഇന്ന് വെനസ്വേലയിലെ ഗുണ്ടായിസത്തെ അംഗീകരിക്കുന്നവരെല്ലാം ചൈന തായ്‌വാൻ പ്രസിഡന്റിനെ തട്ടിക്കൊണ്ടുപോകുമ്പോൾ അന്താരാഷ്ട്ര നിയമം, ഐക്യരാഷ്ട്രസഭ ചാർട്ടർ എന്നിങ്ങനെ അലമുറയിടും”, കോമിറെഡ്ഡി പറഞ്ഞു. രാജ്യങ്ങളെ വിലയിരുത്തുന്നതിൽ വ്യത്യസ്ത മാനദണ്ഡങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ചും എഴുത്തുകാരൻ കുറിച്ചിട്ടുണ്ട്.
യുഎസ് നടപടി 12 വർഷത്തെ മഡുറോ ഭരണത്തിനാണ് തിരശ്ശീല വീഴ്ത്തിയത്. മഡുറോയുടെ തലയ്ക്ക് യുഎസ് വൻതുക പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
വെനസ്വേലയുടെ പ്രതിപക്ഷ നേതാവും സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവുമായ മരിയ കൊരിന മച്ചാഡോ, തന്റെ രാജ്യത്തിന് “സ്വാതന്ത്ര്യത്തിന്റെ സമയം വന്നെത്തി” എന്ന് സാമൂഹികമാധ്യമത്തിലൂടെ പ്രഖ്യാപിച്ചു. മച്ചാഡോ തന്നെ നേതാവായി വരുമെന്ന അഭ്യൂഹങ്ങളെ ട്രംപ് തള്ളിക്കളഞ്ഞു.



