ലോകമെമ്പാടുമായി കഴിഞ്ഞ ഒരുവർഷത്തിനിടെ 128 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമസംഘടനയായ ഐ എഫ് ജെ വെളിപ്പെടുത്തി. കൊല്ലപ്പെട്ടവരിൽ പകുതിയിലധികം പേരും മധ്യേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. മാധ്യമപ്രവർത്തനത്തിനു നേരെയുള്ള വലിയൊരു വെല്ലുവിളിയായാണ് സംഘടന ഈ കണക്കുകളെ കാണുന്നത്.

പലസ്തീൻ മേഖലയിലാണ് ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകർക്ക് ജീവൻ നഷ്ടമായത്. യുദ്ധം കൊടുമ്പിരിക്കൊണ്ട ഗാസയിൽ മാത്രം 56 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇന്ത്യ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിലും വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലവിൽ 533 മാധ്യമപ്രവർത്തകർ ജയിലിലാണെന്നും സംഘടന അറിയിച്ചു. അതേസമയം, മാധ്യമപ്രവർത്തകരെ ജയിലിലടയ്ക്കുന്ന കാര്യത്തിൽ ചൈനയാണ് ലോകത്ത് ഒന്നാമത് നിൽക്കുന്നത്. കുറ്റവാളികൾ ശിക്ഷിക്കപ്പെടാത്തത് ലോകമെങ്ങും മാധ്യമപ്രവർത്തകർക്കു നേരെയുള്ള അതിക്രമങ്ങൾ വർധിക്കാൻ കാരണമാകുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.