ബെംഗളൂരു: കർണാടകയിലെ കൊഗിലു ഗ്രാമത്തിൽ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കിയതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം പുകയുന്നതിനിടയിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കർണാടക ബിജെപി. കർണാടകയുടെ ഭരണപരമായ കാര്യങ്ങളിൽ കോൺഗ്രസ് ഹൈക്കമാൻഡ് അനാവശ്യമായി ഇടപെടുന്നുവെന്ന് ബിജെപി ആരോപിച്ചു.

കർണാടകയിലെ പൊളിക്കൽ നടപടിയിൽ ആശങ്ക പ്രകടിപ്പിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എക്സിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷനേതാവ് ആർ. അശോക് രൂക്ഷ വിമർ‍ശനവുമായി രംഗത്തെത്തിയത്. കെ.സി. വേണുഗോപാൽ കർണാടകയിലെ ‘സൂപ്പർ മുഖ്യമന്ത്രി’ ആകാൻ ശ്രമിക്കുകയാണോയെന്ന് അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിൽ ചോദിച്ചു.

തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയും കാബിനറ്റും ഭരിക്കുന്ന കർണാടകയിൽ ഡൽഹിയിലിരിക്കുന്ന എഐസിസി ജനറൽ സെക്രട്ടറി ഇടപെടുന്നത് ഫെഡറൽ സംവിധാനത്തിന് അപമാനമാണെന്ന് അശോക വിമർശിച്ചു. കർണാടക രാഹുൽ ഗാന്ധിയുടെയോ അദ്ദേഹത്തിന്റെ കൂട്ടാളികളുടെയോ ഒരു കോളനിയല്ല. ജനങ്ങൾ വോട്ട് ചെയ്തത് ഒരു ‘റിമോട്ട് കൺട്രോൾ’ സർക്കാരിനല്ലെന്നും ഡൽഹിയിലെ പാർട്ടി മാനേജർമാരെ പ്രീതിപ്പെടുത്താൻ കർണാടകയുടെ അന്തസ്സും ഭരണാധികാരവും പണയപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, താൻ മുഖ്യമന്ത്രി സിദ്ധരാമയ്യയോടും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറോടും സംസാരിച്ചതായി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. പൊളിക്കൽ നടപടികൾ കൂടുതൽ ജാഗ്രതയോടും മാനുഷിക പരിഗണനയോടും കൂടി വേണമെന്ന് നിർദ്ദേശിച്ചതായും ബാധിക്കപ്പെട്ട കുടുംബങ്ങളെ നേരിട്ട് കാണുമെന്നും അവർക്ക് ആവശ്യമായ പുനരധിവാസവും ആശ്വാസ നടപടികളും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തനിക്ക് ഉറപ്പുനൽകിയതായും വേണുഗോപാൽ പറഞ്ഞു.