ദുബായ്: യുഎഇയിലെ മലയാളി പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഉയരുന്നത്. ഓണം, വിഷു, പെരുന്നാൾ, ക്രിസ്മസ്, പുതുവത്സരം തുടങ്ങിയ ആഘോഷ വേളകളിലും അവധിക്കാലത്തും സാധാരണ നിരക്കിനേക്കാൾ നാലിരട്ടി വരെ തുക നൽകേണ്ടി വരുന്നത് പ്രവാസി കുടുംബങ്ങളുടെ ബജറ്റിനെ സാരമായി ബാധിക്കാന്നു.

എന്നാൽ ഈ മേഖലയിലെ കുത്തകകൾക്ക് വെല്ലുവിളിയായി രണ്ട് പുതിയ വിമാനക്കമ്പനികൾക്ക് കൂടി ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയം എൻഒസി നൽകിയിരിക്കുന്നത് വലിയ പ്രതീക്ഷയാണ് പ്രവാസികൾക്ക് നൽകുന്നത്. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ട്രാവൽ ഗ്രൂപ്പായ ‘അൽഹിന്ദ്’ ആണ് ഈ വിമാനക്കമ്പനിയുടെ പിന്നിൽ.

കൊച്ചി കേന്ദ്രമാക്കി സർവീസ് തുടങ്ങാനൊരുങ്ങുന്ന ഈ എയർലൈൻ പ്രവാസികൾക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടക്കത്തിൽ ആഭ്യന്തര സർവീസുകൾ നടത്തുമെങ്കിലും വൈകാതെ തന്നെ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കാനാണ് ഇവരുടെ പ്രധാന ലക്‌ഷ്യം.

കൂടാതെ ഹൈദരാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫ്‌ളൈ എക്സ്പ്രസ് വിമാനക്കമ്പനിയും പ്രവർത്തനാനുമതി ലഭിച്ചതോടെ വിപണിയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. കൂടാതെ ഉത്തർപ്രദേശ് ആസ്ഥാനമായുള്ള ‘ശംഖ് എയർ’ എന്ന കമ്പനിയും 2026-ഓടെ നിരത്തിലിറങ്ങാൻ സാധ്യതയുള്ളതായ ചില സൂചനകൾ നൽകുന്നു.

നിലവിൽ നിരവധി ഫ്‌ളൈറ്റുകൾ വൈകുന്നതും റദ്ദാക്കുന്നതും കാരണം പുതിയ വിമാനക്കമ്പനികൾ വരുന്നതോടെ വിപണിയിൽ മത്സരം വർധിക്കുമെന്നത് ഉറപ്പാണ്. എന്നാൽ ഇത് ടിക്കറ്റ് നിരക്കിനെ എങ്ങനെ ബാധിക്കുമെന്നതും പ്രവാസികൾ ശ്രദ്ധിക്കണം.

അതായത് കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുന്നതോടെ ലഭ്യമായ സീറ്റുകളുടെ എണ്ണം കൂടുമെന്നാണ് ട്രാവൽ ഏജൻസികൾ വ്യക്തമാകുന്നത്. ഇത് സ്വാഭാവികമായും വിമാനക്കമ്പനികൾ തമ്മിലുള്ള മത്സരത്തിന് വഴിവെക്കുകയും ടിക്കറ്റ് നിരക്കുകൾ കുറയാൻ കാരണമാവുകയും ചെയ്യും.