അമേരിക്കയിൽ ക്രിസ്മസ്-പുതുവത്സര അവധിക്കാലം ആഘോഷിക്കാൻ ഒരുങ്ങുന്ന ദശലക്ഷക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാഴ്ത്തി അതിശക്തമായ ശൈത്യകാല കൊടുങ്കാറ്റ്. വെള്ളിയാഴ്ച മാത്രം രാജ്യത്തുടനീളം 1,800-ലധികം വിമാനങ്ങൾ റദ്ദാക്കി. ഗ്രേറ്റ് ലേക്ക്സ് മുതൽ വടക്കുകിഴക്കൻ മേഖലകൾ വരെ പടർന്നുപിടിച്ച അതിശക്തമായ മഞ്ഞുവീഴ്ചയും മോശം കാലാവസ്ഥയുമാണ് വിമാന ഗതാഗതത്തെയും റോഡ് യാത്രകളെയും സാരമായി ബാധിച്ചത്.
ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്ലൈറ്റ് അവെയർ (FlightAware) നൽകുന്ന വിവരമനുസരിച്ച്, വെള്ളിയാഴ്ച വൈകുന്നേരം വരെ 1,802 വിമാനങ്ങൾ റദ്ദാക്കുകയും 22,349 വിമാനങ്ങൾ വൈകുകയും ചെയ്തിട്ടുണ്ട്.
ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളം, ലാഗ്വാർഡിയ, ഡെട്രോയിറ്റ് മെട്രോപൊളിറ്റൻ വിമാനത്താവളം എന്നിവിടങ്ങളിൽ വലിയ തിരക്കും തടസ്സങ്ങളും അനുഭവപ്പെട്ടു. വിമാനക്കമ്പനികളിൽ ജെറ്റ് ബ്ലൂ (JetBlue) ആണ് ഏറ്റവും കൂടുതൽ സർവീസുകൾ റദ്ദാക്കിയത് (225 വിമാനങ്ങൾ).



