ന്യൂഡൽഹി: ഇന്ത്യയുടെ യുവ ബാറ്റിങ് സെൻസേഷനായ വൈഭവ് സൂര്യവംശിയെ ദേശീയ ടീമിലെടുക്കാൻ ഇനിയും എന്തിനാണ് കാത്തിരിക്കുന്നതെന്ന് ശശി തരൂർ എംപി. അണ്ടർ 19 ലോകകപ്പിനു പിന്നാലെ വിജയ് ഹസാരെ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ 84 പന്തിൽ നിന്ന് 190 റൺസടിച്ച വൈഭവിന്റെ പ്രകടനത്തിനു പിന്നാലെയാണ് തരൂരിന്റെ പ്രതികരണം.
പതിനാലു വയസുള്ള ഒരു കുട്ടി അവസാനമായി ഇത്രയും അദ്ഭുതകരമായ ക്രിക്കറ്റ് പ്രതിഭ പ്രകടിപ്പിച്ചത് സച്ചിൻ തെണ്ടുൽക്കറാണ്. അദ്ദേഹം പിന്നീട് എന്തായിത്തീർന്നെന്ന് നമുക്കെല്ലാവർക്കും അറിയാം. വൈഭവിനെ ഇന്ത്യയ്ക്കായി കളിപ്പിക്കാൻ ഇനിയും എന്തിനാണ് കാത്തിരിക്കുന്നതെന്ന് തരൂർ എക്സിൽ ചോദിച്ചു. സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത്ത് അഗാർക്കർ, പരിശീലകൻ ഗൗതം ഗംഭീർ, ബിസിസിഐ, സച്ചിൻ തെണ്ടുൽക്കർ എന്നിവരെ ടാഗ് ചെയ്തായിരുന്നു തരൂരിന്റെ എക്സ് പോസ്റ്റ്.
കഴിഞ്ഞ ദിവസം വിജയ് ഹസാരെ ട്രോഫിയിൽ അരുണാചൽ പ്രദേശിനെതിരേ വൈഭവ് കത്തിക്കയറുകയായിരുന്നു. ബിഹാറിനായി ഇന്നിങ്സ് ഓപ്പൺ ചെയ്ത് 84 പന്തിൽ 190 റൺസെടുത്ത വൈഭവിന്, വെറും 10 റൺസ് അകലെയാണ് ഇരട്ട സെഞ്ചറി നഷ്ടമായത്. ആകെ 15 സിക്സും 16 ഫോറുകളും ആ ബാറ്റിൽ നിന്ന് പിറന്നു. വെറും 36 പന്തിൽ നിന്നായിരുന്നു സെഞ്ചുറി. ലിസ്റ്റ് എ ക്രിക്കറ്റിൽ സെഞ്ചറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും ഇതോടെ വൈഭവിന്റെ പേരിലായി. 54 പന്തിൽ 150 റൺസ് തികച്ച വൈഭവ്, ലിസ്റ്റ് എ ക്രിക്കറ്റിലെ അതിവേഗം 150 റൺസെടുക്കുന്ന ബാറ്ററെന്ന റെക്കോഡും സ്വന്തമാക്കി.



