യേശുക്രിസ്തുവിന്റെ ജന്മസ്ഥലമായി വിശ്വസിക്കപ്പെടുന്ന ബെത്ലഹേം രണ്ട് വർഷത്തെ നിശബ്ദതയ്ക്ക് ശേഷം വീണ്ടും ആഘോഷങ്ങളിലേക്ക് മടങ്ങുകയാണ്. 2023 ഒക്ടോബറിൽ ഗസ്സയിൽ ആരംഭിച്ച യുദ്ധത്തെത്തുടർന്ന് വെസ്റ്റ് ബാങ്കിലും ബെത്ലഹേമിലും ആഘോഷങ്ങൾ പൂർണമായും നിർത്തിവച്ചിരുന്നു.
എന്നാൽ ഈ ഡിസംബറിൽ, യുദ്ധത്തിന്റെ കരിനിഴൽ പൂർണമായും വിട്ടുമാറിയിട്ടില്ലെങ്കിലും, തങ്ങളുടെ വിശ്വാസവും സംസ്കാരവും മുറുകെ പിടിച്ചുകൊണ്ട് ബെത്ലഹേം ജനത ക്രിസ്മസിനെ വരവേൽക്കുകയാണ്. മാഞ്ചർ സ്ക്വയറിലെ കൂറ്റൻ ക്രിസ്മസ് മരം വീണ്ടും വൈദ്യുത ദീപങ്ങളാൽ അലംകൃതമായിരിക്കുന്നു. ഇത് കേവലം ഒരു ആഘോഷം മാത്രമല്ല, മറിച്ച് തങ്ങൾ ഇപ്പോഴും അവിടെയുണ്ടെന്നും സമാധാനം ആഗ്രഹിക്കുന്നുവെന്നുമുള്ള ഒരു വലിയ പ്രഖ്യാപനം കൂടിയാണ്.
ഫലസ്തീനിലെ വെസ്റ്റ് ബാങ്കിൽ സ്ഥിതി ചെയ്യുന്ന ബെത്ലഹേമിന് മൂവായിരത്തിലധികം വർഷത്തെ രേഖപ്പെടുത്തപ്പെട്ട ചരിത്രമുണ്ട്. ബൈബിൾ പഴയനിയമ പ്രകാരം ദാവീദ് രാജാവിന്റെ ജന്മസ്ഥലമാണിത്, അതിനാൽ ഇതിനെ ‘ദാവീദിന്റെ നഗരം’ എന്നും വിളിക്കുന്നു. ലോകത്തിലെ ഏറ്റവും പഴയ നഗരങ്ങളിലൊന്നായ ബെത്ലഹേം പുരാതന കാലം മുതൽക്കേ കാനാന്യരുടെ ആവാസകേന്ദ്രമായിരുന്നു.
എ ഡി 330-ൽ കോൺസ്റ്റന്റൈൻ ചക്രവർത്തി യേശു ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന ഗുഹയ്ക്ക് മുകളിൽ ‘ചർച്ച് ഓഫ് നേറ്റിവിറ്റി’ നിർമ്മിച്ചതോടെയാണ് ഈ നഗരം ലോകത്തിന്റെ ആത്മീയ കേന്ദ്രമായി മാറിയത്. നൂറ്റാണ്ടുകളിലൂടെ പേർഷ്യക്കാരും റോമാക്കാരും കുരിശുയുദ്ധക്കാരും ഓട്ടോമൻ സാമ്രാജ്യവും ഈ നഗരത്തിന് മേൽ അധികാരം സ്ഥാപിച്ചിട്ടുണ്ട്. ഇന്ന് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഈ നഗരം ലോകമെമ്പടുമുള്ള ദശലക്ഷക്കണക്കിന് വിശ്വാസികളുടെ പുണ്യഭൂമിയാണ്.
കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ബെത്ലഹേം ഒരു ശവപറമ്പിന് സമാനമായിരുന്നു. കച്ചവട സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയും വിനോദസഞ്ചാരികൾ വരാതാവുകയും ചെയ്തതോടെ നഗരത്തിന്റെ സാമ്പത്തിക അടിത്തറ തകർന്നു. എന്നാൽ ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കരോൾ ഗീതങ്ങൾ മുഴങ്ങുന്നുണ്ട്.
കുട്ടികൾ പുതിയ വസ്ത്രങ്ങൾ ധരിച്ചും കുടുംബങ്ങൾ ഒത്തുചേർന്നും തങ്ങളുടെ നഗരത്തിന്റെ സവിശേഷമായ അന്തരീക്ഷം വീണ്ടെടുക്കാൻ ശ്രമിക്കുന്നു. ഗസ്സയിലെ ദുരന്തങ്ങളിൽ മനംനൊന്ത് ആഘോഷങ്ങൾ മാറ്റിവച്ച ജനതയ്ക്ക് ഇത് ഒരു പുതിയ തുടക്കമാണ്. കർത്താവിന്റെ തിരുപ്പിറവി നടന്ന ഗുഹയ്ക്ക് മുകളിലുള്ള ചർച്ച് ഓഫ് നേറ്റിവിറ്റിയിൽ പ്രാർത്ഥനകൾക്കായി ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്.
ബെത്ലഹേം നഗരത്തിലെ 80 ശതമാനത്തിലധികം ആളുകളും ടൂറിസത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. യുദ്ധം തുടങ്ങിയതോടെ ഈ മേഖല പൂർണമായും തകർന്നിരുന്നു. ഹോട്ടലുകൾ ശൂന്യമാവുകയും കരകൗശല വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് പൂട്ടുവീഴുകയും ചെയ്തു.
ക്രിസ്മസ് ആഘോഷങ്ങൾ പുനരാരംഭിച്ചതോടെ ടൂറിസം മേഖലയിൽ നേരിയ ചലനങ്ങൾ പ്രകടമായിട്ടുണ്ട്. വിദേശത്തുനിന്നുള്ള തീർത്ഥാടകർ പൂർണതോതിൽ എത്തിത്തുടങ്ങിയിട്ടില്ലെങ്കിലും, പ്രദേശവാസികളും ഇസ്രായേലിലെ അറബ് വംശജരും വലിയ തോതിൽ ബെത്ലഹേമിലേക്ക് വരുന്നുണ്ട്. ഇത് നഗരത്തിലെ കച്ചവടക്കാർക്ക് ചെറിയൊരു ആശ്വാസം നൽകുന്നുണ്ടെങ്കിലും പൂർണമായ സാമ്പത്തിക വീണ്ടെടുപ്പിന് ഇനിയും സമയമെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.



