ന്യൂഡൽഹി: വിദേശത്ത് സ്വത്തുക്കളും നിക്ഷേപങ്ങളുമുള്ള പ്രവാസികൾക്ക് കർശന മുന്നറിയിപ്പുമായി ഇന്ത്യയിലെയും ബ്രിട്ടനിലെയും നികുതി വകുപ്പുകൾ. പ്രവാസികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വസ്തുവകകളുടെ കൈമാറ്റവും സംബന്ധിച്ച വിവരങ്ങൾ ഇരുരാജ്യങ്ങളും പരസ്പരം കൈമാറാൻ തുടങ്ങിയതോടെ നികുതി വെട്ടിപ്പുകാർക്കെതിരെ നടപടി ശക്തമാക്കുകയാണ്.

രാജ്യാന്തര തലത്തിലുള്ള ‘ഓട്ടോമാറ്റിക് എക്സ്ചേഞ്ച് ഓഫ് ഇൻഫർമേഷൻ’, ‘കോമൺ റിപ്പോർട്ടിങ് സ്റ്റാൻഡേർഡ്’ എന്നീ കരാറുകൾ പ്രകാരമാണ് ഇന്ത്യയും യുകെയും സാമ്പത്തിക വിവരങ്ങൾ കൈമാറുന്നത്. ഇതിലൂടെ യുകെയിൽ താമസിക്കുന്ന ഒരു വ്യക്തിക്ക് ഇന്ത്യയിലുള്ള ബാങ്ക് നിക്ഷേപത്തെക്കുറിച്ചും വസ്തുവകകളെക്കുറിച്ചും ബ്രിട്ടിഷ് നികുതി വകുപ്പായ എച്ച്എംആർസിക്ക് (HMRC) കൃത്യമായ വിവരങ്ങൾ ലഭിക്കും. തിരിച്ചും ഇതേ രീതിയിൽ ബ്രിട്ടനിലുള്ള ഇന്ത്യൻ പൗരന്മാരുടെ നിക്ഷേപ വിവരങ്ങൾ ഇന്ത്യൻ ആദായനികുതി വകുപ്പിനും ലഭ്യമാകും.

യുകെയിൽ താമസിക്കുന്ന പ്രവാസികൾ തങ്ങളുടെ ഇന്ത്യയിലുള്ള വരുമാനവും (വാടക, പലിശ, ഡിവിഡന്റ് മുതലായവ) സ്വത്തുക്കളും എച്ച്എംആർസിയെ അറിയിക്കാൻ ബാധ്യസ്ഥരാണ്. വിദേശത്തെ വരുമാനം വെളിപ്പെടുത്താത്തവർക്കായി ‘വേൾഡ് വൈഡ് ഡിസ്ക്ലോഷർ ഫെസിലിറ്റി’ വഴി പിഴയോടെ വിവരങ്ങൾ അറിയിക്കാൻ നിലവിൽ അവസരമുണ്ട്. എന്നാൽ വരുമാനം മനഃപൂർവം മറച്ചുവെച്ചാൽ നികുതിയുടെ 200 ശതമാനം വരെ പിഴയും ക്രിമിനൽ നടപടികളും നേരിടേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് പണം അയക്കുന്നവരും വിദേശത്ത് ആസ്തിയുള്ളവരും ഇന്ത്യൻ ആദായനികുതി വകുപ്പിന്റെ കർശന നിരീക്ഷണത്തിലാണ്. വിദേശത്തുള്ള വെളിപ്പെടുത്താത്ത സ്വത്തുക്കൾക്കും വരുമാനത്തിനുമെതിരെ ‘ബ്ലാക്ക് മണി ആക്ട് 2015’ പ്രകാരം കടുത്ത നടപടിയുണ്ടാകും. പത്തു ലക്ഷം രൂപയിൽ കൂടുതൽ പിഴയും ഏഴു വർഷം വരെ തടവുശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്. കൂടാതെ, ഒരു സാമ്പത്തിക വർഷം 182 ദിവസത്തിൽ കൂടുതൽ ഇന്ത്യയിൽ താമസിക്കുന്നവർ (Tax Residents) വിദേശത്തെ എല്ലാ ആസ്തികളും ആദായനികുതി റിട്ടേണിൽ (FA Schedule) നിർബന്ധമായും രേഖപ്പെടുത്തേണ്ടതുണ്ട്.

പ്രവാസികൾ ശ്രദ്ധിക്കാൻ: നിക്ഷേപങ്ങൾ: ഇന്ത്യയിലെ NRO/NRE അക്കൗണ്ടുകളിലെ പലിശ വരുമാനം കൃത്യമായി റിപ്പോർട്ട് ചെയ്യുക.

വസ്തു കൈമാറ്റം: ഇന്ത്യയിൽ സ്ഥലം വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ ലഭിക്കുന്ന ലാഭം (Capital Gains) അതത് രാജ്യത്തെ നികുതി നിയമങ്ങൾ പ്രകാരം വെളിപ്പെടുത്തുക.

ഇരട്ട നികുതി: ‘ഡബിൾ ടാക്സേഷൻ അവോയ്ഡൻസ് അഗ്രിമെന്റ്’ (DTAA) പ്രകാരം ഒരേ വരുമാനത്തിന് രണ്ട് രാജ്യത്തും നികുതി നൽകേണ്ടി വരില്ലെങ്കിലും വിവരങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടത് നിർബന്ധമാണ്. വിവരങ്ങൾ മറച്ചുവെക്കുന്നത് ഭാവിയിൽ വലിയ സാമ്പത്തിക ബാധ്യതയ്ക്കും നിയമക്കുരുക്കിനും കാരണമാകുമെന്ന് നികുതി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ പ്രവാസികൾ തങ്ങളുടെ ഓഡിറ്റർമാരുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങൾ അതത് വകുപ്പുകളെ അറിയിക്കണമെന്ന് നിർദ്ദേശമുണ്ട്.