ദുബായ്: ലോകമെമ്പാടും ക്രിസ്മസ് ആഘോഷങ്ങളുടെ ലഹരിയിലേക്ക് കടക്കുമ്പോൾ യുഎഇയിലെ പ്രവാസികൾക്കിടയിൽ ഉയരുന്ന പ്രധാന ചോദ്യമാണ് ക്രിസ്മസ് ദിനത്തിൽ പൊതുഅവധി ലഭിക്കുമോ എന്നത്? എന്നാൽ യുഎഇയിലെ നിലവിലെ നിയമങ്ങളും തൊഴിൽ സാഹചര്യങ്ങളും അനുസരിച്ച് ക്രിസ്മസിന് യുഎഇയിൽ ഔദ്യോഗിക പൊതുഅവധി നൽകാറില്ല.
2025 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ സർക്കാർ പ്രമേയ പ്രകാരം രാജ്യത്തെ പൊതു സ്വകാര്യ മേഖലകൾക്കുള്ള അവധി ദിനങ്ങളിൽ ക്രിസ്മസ് ഉൾപ്പെടുത്തിയിട്ടില്ല. യുഎഇ സർക്കാർ അംഗീകരിച്ചിട്ടുള്ള ഔദ്യോഗിക അവധികൾ പ്രധാനമായും ഇസ്ലാമിക കലണ്ടറിലെ വിശേഷ ദിവസങ്ങളും ദേശീയ പ്രാധാന്യമുള്ള ദിനങ്ങളുമാണ്.
പുതുവത്സര ദിനം, ഈദുൽ ഫിത്തർ, അറഫ ദിനം, ഈദ് അൽ അദ, ഹിജ്റി പുതുവർഷം, നബിദിനം, ദേശീയ ദിനം എന്നിവയാണ് ഈ പട്ടികയിലുള്ളത്. അതേസമയം ക്രിസ്മസ് ഔദ്യോഗിക അവധി അല്ലെങ്കിലും യുഎഇയിലെ പല സ്വകാര്യ കമ്പനികളും അന്താരാഷ്ട്ര സ്ഥാപനങ്ങളും ക്രിസ്മസ് ദിനത്തിൽ ജീവനക്കാർക്ക് അവധി നൽകും.
യുഎഇയിലെ ചില സ്ഥാപനങ്ങൾ രണ്ട് ദിവസത്തെ അവധി നൽകിയിട്ടുണ്ട്. കൂടാതെ ചില ഓഫീസുകൾ നേരത്തെ ജോലി അവസാനിപ്പിക്കാനോ വർക്ക് ഫ്രം ഹോം സൗകര്യമോ നൽകുന്നു. ഇതെല്ലാം അതത് കമ്പനികളുടെ നയങ്ങളെ ആശ്രയിച്ചാണ് നൽകുന്നത്. ക്രിസ്മസിന് ഔദ്യോഗിക അവധിയില്ലെങ്കിലും അവധി നൽകുന്ന കമ്പനികൾക്ക് വാരാന്ത്യം കൂടെ വരുന്നതിനാൽ നാല് ദിവസത്തെ അവധിക്ക് സാധ്യതയുണ്ട്.
കൂടാതെ പുതുവത്സര ദിനം പ്രമാണിച്ച് ഔദ്യോഗിക പൊതുഅവധി കൂടെ നൽകും. ഇത് പ്രവാസികൾക്കും പൗരന്മാർക്കും ലഭിക്കും. ഒപ്പം ഫെഡറൽ സർക്കാർ ജീവനക്കാർക്ക് ഈ ദിവസം ‘റിമോട്ട് വർക്ക്’ ആയിരിക്കുമെന്നും അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. നിയമപരമായി പ്രവൃത്തിദിവസമാണെങ്കിലും യുഎഇയിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് യാതൊരു കുറവുമില്ല.



