കൊച്ചി: അമ്പത്തിനാലുകാരിയായ യുവതിയുടെ വയറ്റില്‍ നിന്നും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് 20 കിലോഗ്രാം ഭാരമുള്ള ട്യൂമര്‍. ഫോര്‍ട്ട് കൊച്ചി സ്വദേശിയായ സ്ത്രീയില്‍ നിന്നാണ് ഇരുപത് കിലോ ഭാരം വരുന്ന ട്യൂമര്‍ നീക്കം ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സ്ത്രീയുടെ വയറിനുള്ളില്‍ ഏകദേശം അരമീറ്റര്‍ നീളമുള്ള ട്യൂമറാണ് ഉണ്ടായിരുന്നത്.

ആരോഗ്യാവസ്ഥ ഏറെ സങ്കീര്‍ണമായ സ്ഥിതിയിലാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മദര്‍ലൈന്‍ ആശുപത്രിയില്‍ സീനിയര്‍ ഗൈനക്കോളജിസ്റ്റ് ഡോ. അശോക് കുമാര്‍ പിള്ളയുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ആറു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയാണ് യുവതിക്ക് നടത്തിയത്.

ഇരുപത് കിലോ ഭാരവും ഏകദേശം അരമീറ്ററോളം നീളവുമുള്ള ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുക എന്നത് ഏറെ ശ്രമകരമായിരുന്നു. വയറിനുള്ളിലെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം സംഭവിക്കാതെ ട്യൂമര്‍ നീക്കം ചെയ്യുന്നതില്‍ ഡോക്ടര്‍മാര്‍ വിജയിച്ചു. ശസ്ത്രക്രിയ സമയത്ത് രോഗിയുടെ രക്തസമ്മർദം പെട്ടെന്ന് താഴ്ന്നുപോയെങ്കിലും അപകടം സംഭവിക്കാതെ രോഗിയെ സുരക്ഷിതമാക്കുകയും ചെയ്തു.

ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ ആരോഗ്യനില പൂര്‍ണമായും തൃപ്തികരമാണ്. തുടര്‍ചികിത്സകള്‍ പൂര്‍ത്തിയാക്കിയ ശേഷം രോഗിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ രോഗി സുഖം പ്രാപിച്ച് വരികയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.