ന്യൂഡൽഹി: ലോക്സഭയിൽ തൊഴിലുറപ്പ് ഭേദഗതി ബില്ല് പാസാക്കുന്ന വേളയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിൽ ഹാജരാകാത്തതിനെതിരേ രൂക്ഷവിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി. ഇതുപോലുള്ള ജനവിരുദ്ധ ബില്ല് പാർലമെന്റിൽ വരുമ്പോൾ അതിന് മുന്നിൽനിന്നുകൊണ്ട് പോരാട്ടം നടത്തേണ്ടത് പ്രതിപക്ഷ നേതാവ് അല്ലേ എന്ന് അദ്ദേഹം ചോദിച്ചു. രാജ്യത്തിന് ഒരു ഫുൾ ടൈം പ്രതിപക്ഷ നേതാവിനേയാണ് ആവശ്യമെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

ഇന്ത്യാ സഖ്യത്തിന്റെ യോഗത്തിൽ വെച്ച്, ‘പ്രതിപക്ഷ നേതാവ് എവിടെ’ എന്ന് ചോദിച്ചത് ഡിഎംകെയുടെ മുതിർന്ന നേതാവ് ടി.ആർ. ബാലുവാണ്. ബില്ലിൽ പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടിരുന്നുവെങ്കിൽ പ്രതിപക്ഷ നേതാവ് വോട്ട് ചെയ്തില്ല എന്ന് വരുന്നത് വലിയൊരു കളങ്കമായിരിക്കില്ലേ?, ബ്രിട്ടാസ് ചോദിച്ചു.

Add Mathrubhumi as a
trusted source on Google

തൊപ്പിയിൽനിന്ന് പ്രാവിനെ എടുക്കുന്ന മജീഷ്യനെ പോലെയാണ് പല നിയമനിർമ്മാണങ്ങളും കേന്ദ്രം കൊണ്ടുവരുന്നത്. കൂടിയാലോചനയോ ചർച്ചകളോ ഇല്ലാതെ ബില്ലുകൾ പാസാക്കുന്നുവെന്ന് കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും അറിയാം. കുടിലതന്ത്രവുമായി ബിജെപി വരുമെന്ന് അറിയില്ലേയെന്നും ജോൺ ബ്രിട്ടാസ് ചോദിച്ചു.

ഇത്രയും പ്രധാനപ്പെട്ട സംഭവികാസങ്ങൾ പാർലമെന്റിൽ നടക്കുമ്പോൾ ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് പ്രതിപക്ഷത്തിന് നേതൃത്വം നൽകണം എന്ന കാര്യത്തിൽ കോൺഗ്രസുകാർക്ക് രണ്ട് അഭിപ്രായമില്ല. ഉത്തരേന്ത്യയിലെ പല കോൺഗ്രസുകാരും ചോദിച്ചു. എവിടെയാണ് മൂപ്പര് പോയിരിക്കുന്നതെന്ന്. രാവും പകലും ആളുകൾ ബില്ലിനെതിരേ പ്രതിഷേധിക്കുമ്പോൾ അദ്ദേഹം ബിഎംഡബ്ല്യുവിന്റെ മോട്ടോർബൈക്കും കാറും പരിശോധിക്കുന്നു. ഒരാഴ്ച കഴിഞ്ഞാൽ ഈ കമ്പനി പൂട്ടിപ്പോകില്ലല്ലോ. ഇന്ത്യയിലുള്ള കമ്പനി അല്ലല്ലോ പെട്ടെന്ന് പൂട്ടിപ്പോകാൻ. അല്ലെങ്കിൽ ഇവിടെയും ഉണ്ടല്ലോ ബിഎംഡബ്ല്യു കാർ. പാർലമെന്റിൽ കൊണ്ടുവന്ന് ചുറ്റും ഒരു റൌണ്ട് ഓടിച്ചാൽ പോരേ, ബ്രിട്ടാസ് ചോദിച്ചു.

കോൺഗ്രസ് എംപിമാർ പങ്കുവെച്ച കാര്യമാണ് ഇതൊക്കെ. പ്രതിപക്ഷ നേതാവ് ഇവിടെ ഉണ്ടാകണമായിരുന്നുവെന്ന് കേരളത്തിലെ കോൺഗ്രസ് എംപിമാരും രഹസ്യമായി പറയുന്നുണ്ട്. പ്രതിപക്ഷം പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്ന മൂന്ന് ബില്ലുകൾ ദോശ ചുട്ടെടുക്കുന്നത് പോലെയല്ലേ ചുട്ടെടുത്തത്. രാഹുൽ ഗാന്ധിയെ പോലെ ജനപ്രീതിയുള്ള നേതാവ് പ്രതിപക്ഷത്തെ നയിക്കുന്ന രീതിയിൽ പാർലമെന്റിൽ ഉണ്ടായിരുന്നെങ്കിൽ, തെരുവിലേക്ക് രാഹുൽ ഗാന്ധി ഇറങ്ങിയിരുന്നെങ്കിൽ അന്താരാഷ്ട്ര മാധ്യമങ്ങൾ ശ്രദ്ധിക്കുമായിരുന്നില്ലേ?, ജോൺ ബ്രിട്ടാസ് ചോദിച്ചു.

അഞ്ചുദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി ജർമനിയിലാണ്. ബുധനാഴ്ച മ്യൂണിക്കിലെ ബിഎംഡബ്ല്യു നിർമാണശാല അദ്ദേഹം സന്ദർശിച്ചിരുന്നു.