പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്ടോക് അമേരിക്കയിൽ നിരോധിക്കപ്പെടുമെന്ന ഭീതിക്ക് വിരാമമാകുന്നു. ടിക്ടോക്കിന്റെ അമേരിക്കൻ ബിസിനസ് വിഭാഗം അമേരിക്കൻ നിക്ഷേപകർ നയിക്കുന്ന സംയുക്ത സംരംഭത്തിന് വിൽക്കാനുള്ള അന്തിമ കരാറിൽ ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസ് ഒപ്പുവെച്ചു.

ഒറാക്കിൾ (Oracle), സിൽവർ ലേക്ക് (Silver Lake), അബുദാബി ആസ്ഥാനമായുള്ള എംജിഎക്സ് (MGX) എന്നീ പ്രമുഖ കമ്പനികളാണ് ഈ പുതിയ സംരംഭത്തിന് നേതൃത്വം നൽകുന്നത്. ടിക്ടോക് സിഇഒ ഷൗ സി ച്യൂ ജീവനക്കാർക്ക് അയച്ച ആഭ്യന്തര സന്ദേശത്തിലൂടെയാണ് ഈ നിർണായക വിവരം പുറത്തുവന്നത്.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലുകളെത്തുടർന്നാണ് ദീർഘകാലമായി നിലനിന്നിരുന്ന ഈ തർക്കം ശുഭകരമായ പര്യവസാനത്തിലേക്ക് നീങ്ങുന്നത്. പുതിയ കരാർ പ്രകാരം ടിക്ടോക്കിന്റെ അമേരിക്കൻ പ്രവർത്തനങ്ങളിൽ ഭൂരിഭാഗം ഓഹരികളും യുഎസ് നിക്ഷേപകർക്കായിരിക്കും. ബൈറ്റ്ഡാൻസിന് ഏകദേശം 20 ശതമാനം ഓഹരികൾ മാത്രമേ ഇനി പ്ലാറ്റ്‌ഫോമിൽ ഉണ്ടാകൂ.

ഈ പുതിയ മാറ്റത്തോടെ അമേരിക്കൻ ഉപയോക്താക്കളുടെ വിവരങ്ങൾ പൂർണ്ണമായും യുഎസ് സർവറുകളിൽ തന്നെ സംരക്ഷിക്കപ്പെടുമെന്നും ചൈനീസ് സർക്കാരിന് ഇതിലേക്ക് പ്രവേശനം ഉണ്ടാകില്ലെന്നും ഉറപ്പുവരുത്തിയിട്ടുണ്ട്. ഏകദേശം 14 ബില്യൺ ഡോളറിന്റേതാണ് ഈ ഇടപാടെന്നാണ് സൂചന. 2026 ജനുവരി 22-ഓടെ വിൽപന നടപടികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടിക്ടോക്കിനെ നിരോധിക്കുന്നതിലൂടെ യുവാക്കൾക്കിടയിലുള്ള പ്ലാറ്റ്‌ഫോമിന്റെ സ്വാധീനം നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.