വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഇന്ത്യയിലെ യുഎസ് എംബസിയുടെ അപ്രതീക്ഷിത സന്ദേശം. പ്രധാനമന്ത്രി മോദി തങ്ങളുടെ ഉത്കൃഷ്ടനായ സുഹൃത്താണ് എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതായുള്ള കുറിപ്പ് ചൊവ്വാഴ്ചയാണ് എംബസ്സി ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

“ഇന്ത്യ ലോകത്തിലെ ഏറ്റവും പുരാതനമായ നാഗരികതകളിൽ ഒന്നിൻ്റെ ആസ്ഥാനമാണ്. ഇന്ത്യ വിസ്മയകരമായൊരു രാജ്യവും ഇൻഡോ-പസഫിക് മേഖലയിലെ അമേരിക്കയുടെ പ്രധാന പങ്കാളിയുമാണ്. പ്രധാനമന്ത്രി മോദി ഞങ്ങൾക്ക് ഒരു വലിയ സുഹൃത്താണ്”- പ്രസിഡൻ്റ് ഡൊണാൾഡ് ജെ. ട്രംപ്, ഇത്തരത്തിലാണ് എംബസ്സിയുടെ എക്സ് സന്ദേശം.

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ കഴിഞ്ഞയാഴ്ച ഉഭയകക്ഷി ബന്ധങ്ങൾ വിലയിരുത്താനും വ്യാപാര ബന്ധങ്ങളിൽ മുന്നേറ്റം നിലനിർത്താനുള്ള മാർഗങ്ങൾ കണ്ടെത്താനും ഫോണിലൂടെ സംഭാഷണം നടത്തിയതിനു പിന്നാലെയാണ് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഒക്ടോബറിനു ശേഷം മോദിയും ട്രംപും തമ്മിൽ നടത്തുന്ന നേരിട്ടുള്ള ആദ്യ സംഭാഷണമായിരുന്നു ഇത്. വ്യാപാര തർക്കങ്ങൾ ലഘൂകരിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് ഈ സംഭാഷണം നടന്നത്.

പ്രസിഡൻ്റ് ട്രംപുമായി വളരെ ഊഷ്മളവും മികച്ചതുമായ സംഭാഷണം നടത്തിയതായും ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതി ഇരുനോതാക്കളും വിലയിരുത്തുകയും പ്രാദേശികവും അന്തർദ്ദേശീയവുമായ സംഭവവികാസങ്ങൾ ചർച്ച ചെയ്യുകയും ചെയ്തതായും ലോക സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കായി ഇന്ത്യയും യുഎസും തുടർന്നും ഒരുമിച്ച് പ്രവർത്തിക്കുമെന്നും മോദി എക്സ് പോസ്റ്റിലൂടെ ട്രംപുമായി നടത്തിയ സംഭാഷണത്തെ കുറിച്ച് പറഞ്ഞിരുന്നു.

പുതിയ യുഎസ് ഡെപ്യൂട്ടി ട്രേഡ് പ്രതിനിധി റിക്ക് സ്വിറ്റ്സറിൻ്റെ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനവും ഇതിനിടെ നടന്നിരുന്നു. വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ ഉൾപ്പെടെയുള്ള മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥരുമായി റിക്ക് സ്വിറ്റ്സർ കൂടിക്കാഴ്ച നടത്തി. മാസങ്ങളായി യുഎസ് തീരുവ നടപടികൾ കാരണം നിലനിന്നിരുന്ന പിരിമുറുക്കങ്ങൾക്ക് ശേഷം, ഇന്ത്യയും യുഎസും തമ്മിൽ ഒരു വ്യാപാര കരാറിനടുക്കുകയാണെന്നുള്ള സൂചനകളുണ്ട്.