കീവ്: നാലുവർഷത്തോടടുക്കുന്ന റഷ്യ-യുക്രൈൻ യുദ്ധം തീർക്കാൻ താൻ മുന്നോട്ടുവെച്ച 28 ഇന സമാധാന പദ്ധതി അംഗീകരിക്കാൻ യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി ഇതുവരെ തയ്യാറായിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കരാർ വിഷയത്തിൽ യുഎസ്-യുക്രൈൻ പ്രതിനിധികൾ നടത്തിയ ചർച്ച ശനിയാഴ്ച തീരുമാനാകാതെ അവസാനിച്ചതോടെയാണ് സെലെൻസ്കിക്കെതിരേ ട്രംപ് വീണ്ടും രംഗത്തെത്തിയത്.
യുഎസ് മുന്നോട്ടുവെച്ച കരാർ സെലെൻസ്കി ഇതുവരെ വായിച്ചുപോലും നോക്കിയിട്ടില്ലെന്നും അതിൽ താൻ നിരാശനാണെന്നും ട്രംപ് പറഞ്ഞു. “യുക്രൈൻജനതയ്ക്ക് കരാർ ഇഷ്ടപ്പെട്ടു. റഷ്യയ്ക്കും ഓകെയാണ്. പക്ഷേ, സെലെൻസ്കിക്ക് പിടിച്ചില്ല.” -ട്രംപ് പറഞ്ഞു.
യുക്രൈന്റെ പ്രധാന വ്യാവസായികമേഖലയായ ‘ഡോൺബാസ്’ റഷ്യയ്ക്ക് വിട്ടുകൊടുക്കാൻ സെലെൻസ്കിയും സഖ്യകക്ഷികളായ യൂറോപ്യൻ രാജ്യങ്ങളും സമ്മതിക്കാത്തതാണ് കരാർ അനിശ്ചിതത്വത്തിലാകാൻ കാരണം. ഈ പ്രദേശം കൈമാറണമെന്ന ട്രംപിന്റെ പദ്ധതിയിലെ വ്യവസ്ഥ റഷ്യയ്ക്ക് ആധികാരിക യുദ്ധവിജയം നൽകുമെന്ന് അവർ ആരോപിക്കുന്നു. അതേസമയം, യുക്രൈൻ പ്രദേശങ്ങൾ നൽകിയാലേ യുദ്ധം നിർത്തൂവെന്ന കടുംപിടിത്തത്തിലാണ് റഷ്യ.
അതിനിടെ, യുക്രൈന് പൂർണപിന്തുണ അറിയിച്ച് യൂറോപ്യൻ രാജ്യങ്ങൾ രംഗത്തെത്തി. ട്രംപിന്റെ സമാധാനപദ്ധതിയെക്കുറിച്ച് തിങ്കളാഴ്ച ലണ്ടനിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുൽ മാക്രോൺ, ജർമൻ ചാൻസലർ ഫ്രീഡിക് മെർത്സ് എന്നിവർ സെലെൻസ്കിയുമായി ചർച്ച നടത്തി. കരാറിലെ നിർദേശങ്ങളിന്മേൽ മെർത്സ് സംശയമുന്നയിച്ചു. അതിനിടെ, യുക്രൈന് നൽകുന്ന പിന്തുണ യുഎസ് അവസാനിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ട്രംപിന്റെ മൂത്തമകൻ ഡൊണാൾഡ് ട്രംപ് ജൂനിയർ ദോഹയിൽ പറഞ്ഞു. യുക്രൈനിൽ തിരഞ്ഞെടുപ്പ് നടന്നാൽ വിജയിക്കില്ലെന്ന് ബോധ്യമുള്ളതിനാലാണ് സെലെൻസ്കി യുദ്ധം നീട്ടിക്കൊണ്ടുപോകുന്നതെന്നും ആരോപിച്ചു.



