ന്യൂഡല്‍ഹി: ലോക്‌സഭയില്‍ കേന്ദ്രത്തേയും ആര്‍എസ്എസിനേയും രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇ.ഡി., തിരഞ്ഞെടുപ്പ് കമ്മിഷന്‍, സിബിഐ തുടങ്ങിയ കേന്ദ്ര സ്ഥാപനങ്ങളെ പിടിച്ചെടുക്കുകയാണ് ആര്‍എസ്എസിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ തലവനേയും മറ്റു തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരേയും തിരഞ്ഞെടുക്കുന്ന പാനലില്‍നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ മാറ്റാൻ നരേന്ദ്ര മോദി സര്‍ക്കാര്‍ ഇത്ര താത്പര്യം കാണിച്ചത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. വോട്ട് ചോരിയേക്കാൾ വലിയ രാജ്യദ്രോഹമില്ലെന്നും രാഹുൽ ഗാന്ധി പാർലമെന്‍റിൽ പറഞ്ഞു.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അധ്യക്ഷനെ തിരഞ്ഞെടുക്കാുന്നതിനുള്ള, പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെടുന്ന മൂന്നംഗ പാനലില്‍നിന്ന് ചീഫ് ജസ്റ്റിസിനെ മാറ്റി പകരം കേന്ദ്ര കാബിനറ്റ് മന്ത്രിയെ ഉള്‍പ്പെടുത്തി 2023-ല്‍ കൊണ്ടുവന്ന നിയമത്തേയാണ് രാഹുല്‍ ചോദ്യംചെയ്തത്. ഈ പാനലാണ് രാഷ്ട്രപതിക്ക് നിയമനങ്ങള്‍ ശുപാര്‍ശ ചെയ്യുന്നത്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ പാനലില്‍ താനും അംഗമാണെങ്കിലും മോദിയും അമിത്ഷായും ഓരോ വശത്ത് നിലകൊള്ളുമ്പോള്‍ സംഖ്യാപരമായി പിന്നിലായതിനാല്‍ തനിക്ക് ശബ്ദമില്ലെന്നും രാഹുല്‍ പറഞ്ഞു.

എല്ലാ ഇന്ത്യക്കാരും തുല്യരാണെന്ന ആശയത്തോട് ആര്‍എസ്എസിന് വിയോജിപ്പാണെന്നും രാഹുല്‍ പറഞ്ഞു. പല നൂലുകള്‍ ഒരുമിച്ചുചേർന്ന് തുണിത്തരമാകുമ്പോഴാണ് ഒരു വസ്ത്രത്തിന് നമ്മെ തണുപ്പിൽനിന്ന് സംരക്ഷിക്കാന്‍ കഴിയുന്നത്. അതുപോലെയാണ് നമ്മുടെ രാഷ്ട്രവും. 1.4 ബില്യണ്‍ ജനങ്ങള്‍ ചേര്‍ന്ന ഒരു തുണിത്തരമാണ് ഈ രാഷ്ട്രം. ഈ തുണിത്തരത്തെ വോട്ടുകളാണ് നെയ്‌തെടുക്കുന്നത്. ഈ തുല്യതയെന്ന ആശയമാണ് ആര്‍എസ്എസിനെ അലട്ടുന്നത്. അവര്‍ സമത്വത്തില്‍ വിശ്വസിക്കുന്നില്ല. പകരം ഒരു ശ്രേണിയില്‍ വിശ്വസിക്കുന്നു. ആ ശ്രേണിയില്‍ അവര്‍ ഏറ്റവും മുകളിലായിരിക്കണമെന്നും അവര്‍ ആഗ്രഹിക്കുന്നു, രാഹുല്‍ ഗാന്ധി പറഞ്ഞു.

1948-ല്‍ നാഥുറാം ഗോഡ്‌സെ ഗാന്ധിയെ കൊന്നു. അതിനുശേഷം അടുത്തഘട്ടമായി ഇന്ത്യയിലെ സ്ഥാപനങ്ങളെ പിടിച്ചെടുക്കലാണ് ആര്‍എസ്എസിന്റെ പദ്ധതി. തിരഞ്ഞെടുപ്പ് കമ്മിഷന്‍, വിദ്യാഭ്യാസ രംഗം, സിബിഐ, ഇ.ഡി., ആദായനികുതി വകുപ്പ് തുടങ്ങിയവയെ അവർ പിടിച്ചെടുക്കുകയാണ്. ഇത് ജനാധിപത്യത്തെ നശിപ്പിക്കുകയാണ് ചെയ്യുകയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.