സുഡാൻ തലസ്ഥാനമായ ഖാർത്തൂമിലെ തൊണ്ണൂറ്റി ഏഴ് ശതമാനം കുടുംബങ്ങളും ഭക്ഷ്യക്ഷാമം നേരിടുകയാണെന്ന് വെളിപ്പെടുത്തി റിപ്പോർട്ട്. നഗരത്തിലുടനീളം ആരോഗ്യ സംരക്ഷണ സംവിധാനം വലിയതോതിൽ തകർന്നിരിക്കുകയാണെന്ന് വ്യക്തമാക്കിക്കൊണ്ട് മാനുഷിക ദുരന്തത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്ന ഒരു വിലയിരുത്തലിൽ പറയുന്നു.

ആഗസ്റ്റ് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഖാർത്തൂമിലെ 1,250-ലധികം കുടുംബങ്ങളിലും 70 ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലും നടത്തിയ സർവേയിൽ 97 ശതമാനം കുടുംബങ്ങളും ഭക്ഷ്യക്ഷാമം നേരിടുന്നുണ്ടെന്ന് കണ്ടെത്തി. തലസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ 43 ശതമാനം മാത്രമേ പ്രവർത്തിക്കുന്നുള്ളൂവെന്നും 14 ശതമാനം സ്ത്രീകൾക്ക് മാത്രമേ സുരക്ഷിതമായ പ്രസവ സേവനങ്ങൾ ലഭ്യമാകുന്നുള്ളൂവെന്നും വിലയിരുത്തലിൽ മനസ്സിലാക്കി. മിക്ക ആശുപത്രികളിലും അവശ്യ മരുന്നുകളില്ല, 70 ശതമാനം പേർക്ക് ആന്റിബയോട്ടിക്കുകൾ ലഭ്യമല്ലെന്നും റിപ്പോർട്ട് ചെയ്യുന്നു.

“ഖാർത്തൂമിൽ മാനുഷിക സഹായത്തിന്റെ ആവശ്യകത അടിയന്തിരമാണ്,” തലസ്ഥാനത്ത് സ്ഥിതി ഇത്ര രൂക്ഷമാണെങ്കിൽ, സംഘർഷ മേഖലകളിലെ പ്രദേശങ്ങൾ ഇതിൽ കൂടുതൽ ഗുരുതരമായ സാഹചര്യം നേരിടേണ്ടിവരുമെന്ന് നോർവീജിയൻ ചർച്ച് എയ്ഡിന്റെ സുഡാനിലെ കൺട്രി ഡയറക്ടർ ഡിർക്ക് ഹാനെകോം മുന്നറിയിപ്പ് നൽകി.

സൈന്യവും അർദ്ധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (ആർ‌എസ്‌എഫ്) തമ്മിൽ 2023 ഏപ്രിലിൽ പോരാട്ടം ആരംഭിച്ചത് മുതൽ തലസ്ഥാനമായ ഖാർത്തൂം തകർന്നിരിക്കുകയാണ്.