ആയുധധാരികൾ തട്ടിക്കൊണ്ടുപോയ നൈജീരിയയിലെ സ്‌കൂൾ വിദ്യാർഥികളിൽ നൂറ് പേരെ മോചിപ്പിച്ചു. യുഎൻ വൃത്തങ്ങളും പ്രാദേശിക മാധ്യമങ്ങളുമാണ് മോചന വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം വടക്കൻ-മധ്യ നൈജർ സംസ്ഥാനത്തെ സെന്റ് മേരീസ് ബോർഡിംഗ് സ്‌കൂളിൽ നിന്നാണ് 315 വിദ്യാർഥികളെയും ജീവനക്കാരെയും തട്ടിക്കൊണ്ടുപോയത്. മോചിപ്പിച്ച കുട്ടികളെ തിങ്കളാഴ്ച നൈജർ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്ക് കൈമാറാൻ സാധ്യതയുണ്ടെന്ന് യുഎൻ വൃത്തങ്ങൾ അറിയിച്ചു.

തട്ടിക്കൊണ്ടുപോയതിന് പിന്നാലെ 50 പേർ രക്ഷപ്പെട്ടിരുന്നു, ശേഷിച്ച 265 പേരെയാണ് മോചിപ്പിക്കാനുണ്ടായിരുന്നത്. നിലവിൽ നൂറ് കുട്ടികളെ മോചിപ്പിച്ചെങ്കിലും അവശേഷിക്കുന്ന 165 വിദ്യാർഥികളുടെയും ജീവനക്കാരുടെയും കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പണം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ നൈജീരിയയിൽ ഇപ്പോൾ വളരെ കൂടുതലാണ്.

2014-ൽ ബോക്കോ ഹറാം തീവ്രവാദികൾ ചിബോക്കിൽ നിന്ന് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയതിന് സമാനമായ സംഭവങ്ങളാണ് ഇപ്പോൾ നൈജീരിയയിൽ നടക്കുന്നത്. രാജ്യത്ത് സുരക്ഷാ പ്രശ്നങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. വടക്ക് കിഴക്കൻ മേഖലകളിൽ ഭീകരവാദികളും വടക്ക് പടിഞ്ഞാറ് ഭാഗങ്ങളിൽ ആയുധധാരികളായ സംഘങ്ങളും രാജ്യത്തിന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.