മുംബൈ നാസിക്കിലെ കൽവൺ താലൂക്കിലുള്ള സപ്തശൃംഗി ഗഡ് ഘട്ടിൽ 600 അടി താഴ്‌ചയുള്ള കൊക്കയിലേക്ക് കാർ മറിഞ്ഞ് ആറ് പേർ മരിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു ഈ ദാരുണമായ അപകടം സംഭവിച്ചത്. മരിച്ച ആറ് പേരും നിഫാഡ് താലൂക്കിലെ പിംപൽഗാവ് ബസ്വന്ത് സ്വദേശികളാണെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കാറിലുണ്ടായിരുന്ന ഏഴ് പേരിൽ ആറ് പേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

കീർത്തി പട്ടേൽ (50), റസീല പട്ടേൽ (50), വിത്തൽ പട്ടേൽ (65), ലത പട്ടേൽ (60), വചൻ പട്ടേൽ (60), മണിബെൻ പട്ടേൽ (70) എന്നിവരാണ് അപകടത്തിൽ മരിച്ചത്. കാർ കൊക്കയിലേക്ക് മറിഞ്ഞതിനെ തുടർന്ന് നാട്ടുകാരും അധികൃതരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. എന്നാൽ, കനത്ത വീഴ്ചയായതിനാൽ ആറുപേരെയും രക്ഷിക്കാനായില്ല.