യുഎഇ: ദുബായ് അതൊരു സ്വപ്ന നഗരമാണ്. എന്നാൽ യുഎഇയിലെ ജീവിതമോ അത് സ്വപ്ന തുല്യമാണോ? പല ആളുകൾക്കും പല ഉത്തരങ്ങളായിരിക്കും ഉണ്ടായിരിക്കുക. കാരണം ജോലിയും, സ്ഥലവും, താമസവും, ജീവിത രീതിയും മാറുമ്പോൾ ഉത്തരങ്ങളും മാറുന്നു. എന്നാൽ യുഎഇയിലെ മലയാളികൾ ഉൾപ്പെടെയുള്ള മിക്ക ആളുകളും നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഇതാണ്.

ഈ കാരണങ്ങൾ കൊണ്ട് തന്നെയാണ് പലരും പുറത്ത് നിന്ന് കാണുന്ന യുഎഇയിലെ ജീവിത അല്ല യഥാർത്ഥ ജീവിതമെന്ന് പറയാൻ കാരണവും. ദുബായിലെ മിന്നുന്ന കാഴ്ചകൾക്ക് പിന്നിൽ സാധാരണക്കാരായ തൊഴിലാളികൾ ജീവിക്കുന്ന മറ്റൊരു ലോകമുണ്ട്. അത് ഒരിക്കലും ക്യാമറകൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.

അതാണ് ബാച്ചിലേഴ്‌സ് ഉൾപ്പെടെയുള്ള തനിച്ച് താമസിക്കുന്ന പ്രവാസികളുടെ ‘ബെഡ് സ്പേസ്’ ജീവിതം. വലിയ ശമ്പളമില്ലാത്ത, എന്നാൽ നാട്ടിലെ കടം വീട്ടാനും കുടുംബം പോറ്റാനും കഷ്ടപ്പെടുന്ന പ്രവാസികൾക്ക് കുറഞ്ഞ വാടകയ്ക്ക് തല ചായ്ക്കാൻ കിട്ടുന്ന ഒരിടമാണ് ഷെയർ ബെഡ് സ്പേസ്.

ഒരു ചെറിയ മുറിയിൽ കുറച്ച് ആളുകൾ ചേർന്ന് താമസിക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും പണം ലാഭിക്കാനുള്ള ഏക വഴി ഇതാണ്. സമീപകാലത്ത് ഇത് സംബന്ധിച്ച് ചില നിയന്ത്രണങ്ങൾ കൂടെ കൊണ്ട് വന്നിരുന്നു. എന്നാലും പലരും ഇതേ രീതി തന്നെയാണ് കൂടുതലായും ആശ്രയിക്കുന്നത്. എന്നാൽ സർക്കാർ സുരക്ഷയയ്ക്ക് വേണ്ടിയാണ് നിയന്ത്രണം കൊണ്ടുവന്നതെങ്കിലും ഇത് കുറഞ്ഞ വരുമാനം ലഭിക്കുന്ന നിരവധി പ്രവാസികൾക്ക് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു.

വാടക പങ്കിടാൻ ആളുകൾ കുറഞ്ഞതോടെ മുറിയുടെ വാടക ഇനത്തിൽ ഓരോരുത്തരും നൽകേണ്ട തുക വർധിക്കുകയും അവരുടെ മാസവരുമാനത്തിൽ നിന്ന് കൂടുതൽ പണം വാടകയ്ക്ക് വേണ്ടി ചെലവഴിക്കേണ്ടി വരികയും ചെയ്തു.

ഒരു മുറിയിൽ പല രാജ്യക്കാർ, പല ശീലങ്ങൾ, പല ഷിഫ്റ്റുകൾ ഇതാണ് ഓരോ ബെഡ് സ്പേസ് ജീവിതം. ഈ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ഇവിടെ ശക്തമായ സൗഹൃദങ്ങളുണ്ട്. എന്നാൽ മിക്ക ആളുകളും സ്വന്തമായി ഒരൽപ്പം സ്വകാര്യത പോലും ബെഡ് സ്പേസ് ജീവിതത്തിൽ ലഭിക്കാൻ പ്രയാസമാണ്. ഒരാൾ ഉറങ്ങുമ്പോൾ മറ്റൊരാൾ വിളക്കണയ്ക്കാതെ ജോലി ചെയ്യുകയോ, ഫോണിൽ സംസാരിക്കുകയോ ചെയ്യുന്നത് സാധാരണമാണ്.

വ്യക്തിപരമായ കാര്യങ്ങൾ സംസാരിക്കാനോ സ്വസ്ഥമായി പുസ്തകം വായിക്കാനോ പോലും ഇടം കിട്ടാറില്ല എന്നാണ് പൊതുവെ കൂടുതലായും കേൾക്കുന്ന പരാതികൾ. കൂടാതെ ഇത്തരം പ്രശ്നങ്ങൾ ഏകാഗ്രതയെയും മാനസികാരോഗ്യത്തെയും ബാധിക്കുന്നതായി നേരത്തെ ചില റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു.

അതേസമയം സ്വന്തമായി ഒരൽപം സമയം പോലും ലഭിക്കാത്ത അവസ്ഥ മലയാളികളായ പ്രൊഫഷണലുകൾ ഉൾപ്പെടെയുള്ളവരിൽ വലിയ മാനസിക പിരിമുറുക്കം ഉണ്ടാക്കുന്നു. പുസ്തകം വായിക്കാനോ, വീട്ടുകാരുമായി സ്വസ്ഥമായി സംസാരിക്കാനോ, വ്യക്തിപരമായ കാര്യങ്ങൾ ചെയ്യാനോ ഇടം കിട്ടാത്തത് ഏകാഗ്രതയെയും മാനസികാരോഗ്യത്തെയും ബാധിക്കുന്നതായി നേരത്തെ ചില റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു.

ദുബായിലെ മലയാളി പ്രവാസികൾ ബെഡ് സ്പേസ് ജീവിതം തിരഞ്ഞെടുക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമല്ല, മറിച്ച് സാമ്പത്തിക അനിവാര്യത കൊണ്ടാണ്. നാട്ടിലെ കുടുംബത്തിന് നല്ലൊരു ജീവിതം നൽകാൻ വേണ്ടി അവർ സ്വന്തം സൗകര്യങ്ങളും സ്വകാര്യതയും മാനസികാരോഗ്യവും പോലും താത്കാലികമായി വേണ്ടെന്ന് വെക്കുകയാണ്. ഈ കാരണങ്ങളാണ് മിക്ക പ്രവാസികളും ചിത്രങ്ങളിലും മറ്റും കാണുന്ന യുഎഇയ്ക്ക് പുറമെ മറ്റൊരു യുഎഇ കൂടെയുണ്ട് എന്ന് പറയുന്നത്.