യൂറോപ്പിലെ ഏറ്റവും ശക്തമായ സൈന്യത്തെ പടുത്തുയർത്തുക എന്ന ലക്ഷ്യത്തോടെ, 18 വയസ്സുകാർക്കായി സ്വമേധയാ ഉള്ള സൈനിക സേവന പദ്ധതിക്ക് ജർമ്മൻ പാർലമെന്റ് (ബുണ്ടസ്‌റ്റാഗ്) അംഗീകാരം നൽകി. റഷ്യ യുക്രെയ്‌നിൽ നടത്തിയ സമ്പൂർണ്ണ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ ദേശീയ പ്രതിരോധം വർദ്ധിപ്പിക്കാനുള്ള നീക്കമാണിത്.

എങ്കിലും, സർക്കാരിന്റെ ഈ നീക്കത്തിനെതിരെ രാജ്യവ്യാപകമായി യുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയും ശക്തമായ പ്രതിഷേധം ഉയർന്നു കഴിഞ്ഞു. “ആറ് മാസം ബാരക്കുകളിൽ അടച്ചിരുന്ന്, അച്ചടക്ക പരിശീലനം നേടാനും, കൊല്ലാൻ പഠിക്കാനും ഞങ്ങൾക്ക് ആഗ്രഹമില്ല,” പ്രതിഷേധത്തിന് നേതൃത്വം നൽകുന്നവർ സോഷ്യൽ മീഡിയയിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. “യുദ്ധം ഭാവിക്ക് യാതൊരു സാധ്യതയും നൽകുന്നില്ല, അത് ഞങ്ങളുടെ ജീവിതത്തെ നശിപ്പിക്കും” എന്നും അവർ കൂട്ടിച്ചേർത്തു.

ഈ നിയമത്തിനെതിരെ 90 നഗരങ്ങളിലെ വിദ്യാർത്ഥികൾ വെള്ളിയാഴ്ച പഠിപ്പ് മുടക്കി പ്രകടനങ്ങളിൽ പങ്കുചേർന്നു. ഹാമ്ബുർഗിൽ മാത്രം ഏകദേശം 1500 പേർ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

2026 ജനുവരി മുതൽ, ജർമ്മനിയിലെ 18 വയസ്സുള്ള എല്ലാ യുവാക്കൾക്കും സൈന്യത്തിൽ ചേരാൻ താൽപ്പര്യമുണ്ടോ എന്ന് ആരാഞ്ഞുകൊണ്ടുള്ള ചോദ്യാവലി അയക്കും. ഈ ഫോം പൂരിപ്പിച്ച് നൽകുന്നത് പുരുഷന്മാർക്ക് നിർബന്ധവും സ്ത്രീകൾക്ക് സ്വമേധയാ ഉള്ളതുമാണ്. 323 എംപിമാർ അനുകൂലിച്ചും 272 പേർ എതിർത്തും വോട്ട് ചെയ്താണ് നിയമം പാസാക്കിയത്.

2011-ൽ നിർബന്ധിത സൈനിക സേവനം ജർമ്മനി അവസാനിപ്പിച്ചിരുന്നു. എന്നാൽ നിലവിൽ സുരക്ഷാ സാഹചര്യം മോശമാവുകയാണെങ്കിൽ അല്ലെങ്കിൽ വേണ്ടത്ര ആളുകൾ സ്വമേധയാ സൈന്യത്തിലേക്ക് എത്തിയില്ലെങ്കിൽ നിർബന്ധിത സൈനിക സേവനം വീണ്ടും പരിഗണിക്കേണ്ടി വരുമെന്ന് പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് വ്യക്തമാക്കി. സൈനിക സേവനത്തിനായി മുന്നോട്ട് വരുന്നവർക്ക് മാസം 2,600 യൂറോ (ഏകദേശം 2.3 ലക്ഷം രൂപ) വരെ ശമ്പളം വാഗ്ദാനം ചെയ്യുന്നുണ്ട്.