അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്ന ബംഗ്ലദേശ് മുന്‍പ്രധാനമന്ത്രി ഖാലിദ സിയയെ (80) വിദഗ്ധ ചികിത്സയ്ക്കായി ലണ്ടനിലേക്ക് കൊണ്ടുപോകും. ഖാലിദ സിയയെ ലണ്ടനിലേക്ക് മാറ്റാന്‍ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് വ്യാഴാഴ്ച തീരുമാനിച്ചതായി അവരുടെ സ്വകാര്യ ഡോക്ടര്‍ സാഹിദ് ഹുസൈന്‍ പറഞ്ഞു.

ലണ്ടനിലേക്ക് കൊണ്ടുപോകുന്നതിന് എയര്‍ ആംബുലന്‍സ് നല്‍കാന്‍ ഖത്തര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ധാക്കയിലെ ആശുപത്രിയുടെ മുകളില്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ ഇറക്കിയുള്ള പരീക്ഷണം വ്യാഴാഴ്ച നടന്നിരുന്നു. ഖാലിദ സിയയെ ഇന്ന് എയര്‍ ആംബുലന്‍സില്‍ കൊണ്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.