തിരുവനന്തപുരം: ‘വാഹന്‍’ സോഫ്റ്റ്വെയർ തകരാറിലായതിനെത്തുടര്‍ന്ന് സംസ്ഥാനവ്യാപകമായി പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ തടസ്സപ്പെട്ടു. രജിസ്ട്രേഷന്‍ ഫീസും നികുതിയും അടയ്ക്കാന്‍ കഴിയാത്തതിനാല്‍ ഫാന്‍സി നമ്പര്‍ ബുക്കിങ്ങും മുടങ്ങി. പുതിയ വാഹനങ്ങള്‍ വാങ്ങിയവര്‍ക്ക് അവ നിരത്തിലിറക്കാനും കഴിയുന്നില്ല. താത്കാലിക രജിസ്ട്രേഷനെങ്കിലും നേടാതെ വാഹനം പുറത്തിറക്കാന്‍ പറ്റില്ല.
ഒരാഴ്ചയായി ‘വാഹന്‍’ സോഫ്റ്റ്വെയറിന് തകരാറുണ്ട്. രാജ്യവ്യാപകമായുള്ള പ്രശ്‌നമാണിതെന്നും തകരാര്‍ ഉടന്‍ പരിഹരിക്കുമെന്നുമായിരുന്നു മോട്ടോര്‍വാഹന വകുപ്പിന്റെ വിശദീകരണം. മറ്റു സ്ഥലങ്ങളിലെ തകരാര്‍ തിങ്കളാഴ്ചയോടെ പരിഹരിക്കാന്‍ കഴിഞ്ഞെങ്കിലും കേരളത്തിലെ തടസ്സം മാറിയിട്ടില്ല. സോഫ്റ്റ്വെയറിന്റെ ചുമതലയുള്ള നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററിന്റെ സാങ്കേതികവിദഗ്ധര്‍ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്. ചൊവ്വാഴ്ച ഉച്ചയോടെ ഭാഗികമായി പ്രശ്‌നം പരിഹരിച്ചതായി അധികൃതര്‍ അറിയിച്ചു.
ഡ്യൂപ്ലിക്കേറ്റ് പെര്‍മിറ്റിനുള്ള അപേക്ഷകളും തടസ്സപ്പെട്ടു. പൊളിക്കാന്‍ അപേക്ഷ നല്‍കിയ വാഹനങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ടും അപ്ലോഡ് ചെയ്യുന്നതും തടസ്സപ്പെട്ടു. പിഴക്കുടിശ്ശിക കാരണം വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സേവനവിലക്ക് നീക്കംചെയ്യാനും കഴിയുന്നില്ല. സ്ഥിരമായി തകരാറിലാകുന്ന ‘വാഹന്‍’ സോഫ്റ്റ്വെയർ ഏറെക്കാലമായി വാഹന ഉടമകളെ വലയ്ക്കുന്നുണ്ട്.
ഫാന്‍സി നമ്പര്‍ ലേലം ‘വാഹന്‍’ വഴി ഓണ്‍ലൈനായാണ് നടക്കുന്നത്. ലേലംവിളിക്കിടെ സോഫ്റ്റ്വെയർ തകാറിലാകുന്നതിനാല്‍ ഒട്ടേറെപ്പേര്‍ക്ക് ഇഷ്ടനമ്പര്‍ നഷ്ടമായിട്ടുണ്ട്. പോര്‍ട്ടല്‍ നിലച്ചതോടെ വാഹനവില്പനശാലകളില്‍ നടക്കുന്ന പുത്തന്‍വാഹനങ്ങളുടെ ഡോക്യുമെന്റ് അപ്ഡേഷനും രജിസ്ട്രേഷനും അനിശ്ചിതത്വത്തിലായിരുന്നു.
ഉടന്‍ ശരിയാകുമെന്ന് പ്രതീക്ഷിച്ച് കാത്തിരിപ്പ് തുടര്‍ന്നെങ്കിലും നാലാം ദിവസമാണ് സൈറ്റ് ശരിയായതെന്ന് വാഹന ഷോറൂം ഉടമകള്‍ പറഞ്ഞു. പുത്തന്‍വാഹനം സ്വന്തമാക്കിയവര്‍ ഇതോടെ വാഹനം റോഡിലിറക്കാന്‍ കാത്തിരിക്കേണ്ട സ്ഥിതിയായിരുന്നു. പോര്‍ട്ടല്‍ തകരാറിലായതോടെ പുത്തന്‍ വാഹന രജിസ്ട്രേഷന്‍ തീര്‍ത്തും നിലച്ച സ്ഥിതിയിലായിരുന്നുവെന്ന് വാഹന ഷോറൂം ഉടമകള്‍ വെളിപ്പെടുത്തി. നാലുദിവസമായി കെട്ടിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ തന്നെ ഇനി ദിവസങ്ങളെടുക്കും.



