ശ്രീലങ്കയ്ക്ക് ദുരിതാശ്വാസമായി പാക്കിസ്ഥാന്‍ അയച്ച വസ്തുക്കള്‍ കാലാവധി കഴിഞ്ഞതെന്ന് ആരോപണം. ‘ഇന്നും എപ്പോഴും പാക്കിസ്ഥാന്‍ ശ്രീലങ്കയ്‌ക്കൊപ്പം’ എന്ന ക്യാപ്ഷനില്‍ പാക്കിസ്ഥാന്‍ എക്‌സില്‍ ചിത്രങ്ങള്‍ പങ്കുവച്ചതോടെയാണ് ഉല്‍പന്നങ്ങള്‍ കാലാവധി കഴിഞ്ഞതാണെന്ന് വിമര്‍ശനം ഉയര്‍ന്നത്. 

ചിത്രത്തിലെ വസ്തുക്കളുടെ പായ്ക്കറ്റില്‍ കാലാവധി 2024 ഒക്ടോബര്‍ എന്ന് രേഖപ്പെടുത്തിയതാണ് ആളുകള്‍ ചൂണ്ടിക്കാട്ടിയത്. ഇതോടെ പാക്കിസ്ഥാനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ഉപയോഗ ശൂന്യമായ വസ്തുക്കളാണ് അയച്ചതെന്ന വിവരം ശ്രീലങ്കന്‍ അധികൃതര്‍ പാക്കിസ്ഥാനെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇതാദ്യമായല്ല പാക്കിസ്ഥാന്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നും വിമര്‍ശകര്‍ പറയുന്നു. 2021 ല്‍ താലിബാന്‍ അഫ്ഗാന്‍ തിരിച്ചുപിടിച്ച സമയത്ത് ഇന്ത്യ അവിടേക്ക് സഹായമായി പാക്കിസ്ഥാന്‍ വഴി അയച്ച ധാന്യപ്പൊടി അടക്കമുള്ള വസ്തുക്കള്‍ ഉപയോഗശൂന്യമായ നിലയിലാണ് കാബൂളിലെത്തിയിരുന്നത്.