ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ പ്രതിരോധ ഇടപാടുകള്‍ പ്രധാന ചര്‍ച്ചാവിഷയമാകുമെന്ന് റിപ്പോര്‍ട്ട്. റഷ്യയില്‍ നിന്ന് കൂടുതല്‍ എസ്-400 വ്യോമപ്രതിരോധ സംവിധാനം വാങ്ങുന്നതും, അഞ്ചാം തലമുറ യുദ്ധവിമാനമായ എസ്.യു-57നുമായി ബന്ധപ്പെട്ട കാര്യങ്ങളും സന്ദര്‍ശന വേളയില്‍ ഇരുരാജ്യങ്ങളും ചര്‍ച്ചചെയ്യുമെന്നാണ് വിവരം. ഇരുനേതാക്കളുടെയും കൂടിക്കാഴ്ചയില്‍ ഇക്കാര്യം പ്രധാന അജണ്ടയാകുമെന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവാണ് വ്യക്തമാക്കിയത്.
”എസ്.യു-57 ലോകത്തിലെ ഏറ്റവും മികച്ച വിമാനമാണ്. അതൊരു അതിശയോക്തിയല്ല. പ്രസിഡന്റ് പുതിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ അജണ്ടയില്‍ ഈ വിഷയവും ഉണ്ടാകും. എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നില്ല. ഈ രംഗത്ത് ഞങ്ങള്‍ക്ക് ധാരാളം എതിരാളികളുള്ളതിനാല്‍, കൂടുതല്‍ വിവരങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല. ന്യായമായ ഒരു മത്സരത്തില്‍ ആര്‍ക്കും ഞങ്ങളുമായി മത്സരിക്കാന്‍ കഴിയില്ല” പെസ്‌കോവ് പറഞ്ഞു.
റഷ്യ ചില സാങ്കേതിക വിദ്യകള്‍ ഇന്ത്യക്ക് കൈമാറുന്നുണ്ടെന്നും, സംയുക്തമായുള്ള നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും പെസകോവ് പറഞ്ഞു. ‘ഇന്ത്യയുമായി പങ്കുവെക്കാന്‍ കഴിയുന്നതെന്തും ഞങ്ങള്‍ പങ്കുവെക്കും,’ പെസ്‌കോവ് അടിവരയിട്ട് പറഞ്ഞു.
ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ചയില്‍ ചെറുതും ഇടത്തരവുമായ ആണവ റിയാക്ടറുകളും വിഷയമാകുമെന്ന് പെസ്‌കോവ് പറഞ്ഞു. ഇത്തരം ചെറിയ റിയാക്ടറുകള്‍ നിര്‍മ്മിക്കുന്നതില്‍ റഷ്യക്ക് വൈദഗ്ദ്ധ്യമുണ്ടെന്നും, ആ സാങ്കേതികവിദ്യ ഇന്ത്യന്‍ സുഹൃത്തുക്കള്‍ക്ക് നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



