കാബൂൾ: അഫ്ഗാനിസ്ഥാനുമായുള്ള വ്യാപാരയുദ്ധം പാകിസ്താന്റെ സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയായതായി റിപ്പോര്‍ട്ട്. അഫ്ഗാനുമായുള്ള അതിര്‍ത്തി കടന്നുള്ള വ്യാപാരം നിര്‍ത്തിവെച്ചത് പാകിസ്താന്റെ സമ്പദ്വ്യവസ്ഥയെ കാര്യമായി ബാധിക്കുകയും വിവിധ മേഖലകളില്‍ പ്രതിസന്ധി രൂക്ഷമാക്കുകയും ചെയ്തതായി വിവിധ പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അഫ്ഗാനിസ്താനുമായുള്ള സംഘർഷത്തിന് പിന്നാലെയാണ് പ്രശ്നങ്ങൾ രൂക്ഷമായത്. അഫ്ഗാനിസ്താനെ ശിക്ഷിക്കുന്നതിന്റെ ഭാഗമായാണ് അവരുമായുള്ള വ്യപാരബന്ധം നിർത്തിവെച്ചത്. ‘രക്തവും വ്യാപാരവും ഒരുമിച്ചുപോകില്ല’ എന്ന് പാകിസ്താന് ഡിജി ഐഎസ്പിആര്‍ ലഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷെരീഫ് ചൗധരി അഫ്ഗാനിസ്ഥാന് നല്കിയ മുന്നറിയിപ്പ് ഇപ്പോള്‍ പാകിസ്താന് തന്നെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്.
ചെറിയ തോതിലുള്ള അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ, കഠിനമായ ശൈത്യകാലത്ത് അഫ്ഗാന് പൗരന്മാരെ കൂട്ടത്തോടെ പുറത്താക്കിയതോടെയാണ് ഇരു അയല്‍രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഏറ്റവും മോശമായ അവസ്ഥയിലെത്തിയത്. ഇതിനുപിന്നാലെയാണ് പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മില്‍ വ്യാപാരയുദ്ധം പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍, ഇതിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് പാകിസ്താനെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഒക്ടോബര്‍ 11-നാണ് ഇരുരാജ്യങ്ങളും അതിര്‍ത്തിയിലെ വ്യാപാര പാതകള്‍ അടച്ചത്. പിന്നാലെ, ഇന്ത്യയും ഇറാനുമടക്കമുള്ള മധ്യേഷ്യന്‍ രാജ്യങ്ങള്‍ വഴി വാണിജ്യം തിരിച്ചുവിട്ട് അഫ്ഗാനിസ്താന് അതിവേഗം പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു. എന്നാല്‍, പാകിസ്താന് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. അതിര്‍ത്തി കടന്നുള്ള വ്യാപാരം നിലച്ചത് പാകിസ്താന്റെ ദുര്‍ബലമായ സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത ആഘാതമേല്‍പ്പിച്ചതായാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കറാച്ചി ആസ്ഥാനമായുള്ള ഇംഗ്ലീഷ് ദിനപത്രമായ ഡോണ്‍ ഉള്‍പ്പെടെയുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇത് രാജ്യത്തിന്റെ വ്യാപാരം, നിര്‍മ്മാണം, കയറ്റുമതി എന്നീ മേഖലകളെ ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്. ഡ്യൂറന്‍ഡ് ലൈനിലെ അതിര്‍ത്തികള്‍ 45 ദിവസമായി അടച്ചിട്ടതുമൂലം തങ്ങള്‍ക്ക് ഇതിനകം ട്രില്യണ്‍ കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി പാകിസ്താനി വ്യവസായികള്‍ പറഞ്ഞതായി കാബൂള്‍ ആസ്ഥാനമായുള്ള ഏരിയാന ന്യൂസ് നെറ്റ്വര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു.
അഫ്ഗാനുമായുള്ള വ്യാപാരം പുനഃസ്ഥാപിക്കാന്‍ സഹായിക്കണമെന്നും വിഷയത്തില്‍ ഇടപെടണമെന്നും അഭ്യര്‍ത്ഥിച്ച് വ്യവസായികളുടെ സംഘം ജംഇയ്യത്തുല്‍ ഉലമ ഇസ്ലാം തലവന്‍ മൗലാന ഫസ്ലുര് റഹ്മാനെ കണ്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സ്തംഭനാവസ്ഥ ഉഭയകക്ഷി വ്യാപാരം മരവിപ്പിക്കുക മാത്രമല്ല, ഇറക്കുമതിക്കും കയറ്റുമതിക്കും അഫ്ഗാനിസ്ഥാനെ ആശ്രയിക്കുന്ന പ്രധാന പാക് വ്യവസായങ്ങളെയും ബാധിച്ചു. ഇത് ക്ഷാമത്തിനും വിലക്കയറ്റത്തിനും ഉല്‍പ്പാദന തടസ്സങ്ങള്‍ക്കും കാരണമായിട്ടുണ്ട്.
അതേസമയം, അഫ്ഗാനുമായുള്ള വ്യാപാര പാതകള്‍ അടയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ ഐക്യരാഷ്ട്രസഭ പാക് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചതായി പാകിസ്താന് വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഇസ്ഹാഖ് ദാര്‍ പറഞ്ഞതായി ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഈ വിഷയം പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും കരസേനാ മേധാവി അസിം മുനീറുമായും ചര്‍ച്ച ചെയ്യുമെന്നും ദാര്‍ വ്യക്തമാക്കി.
നീണ്ടകാലത്തെ അതിര്ത്തിയടയ്ക്കലിനെ തുടര്‍ന്ന് പാകിസ്താനിലെ സിമന്റ് വ്യവസായമാണ് ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലായത്. അഫ്ഗാന് കല്‍ക്കരിയുടെ ഇറക്കുമതിയും സിമന്റ് കയറ്റുമതിയും പൂര്‍ണ്ണമായും നിലച്ചു. എന്നാല്‍, പ്രത്യാഘാതങ്ങള്‍ കല്‍ക്കരിയിലോ സിമന്റിലോ ഒതുങ്ങുന്നില്ല. 48 ദിവസമായി അടച്ചിടല്‍ തുടരുന്നതിനാല്‍, മരുന്നുകളുടെയും കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെയും കയറ്റുമതിയും ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്നു. ഒരുകാലത്ത് അഫ്ഗാന് വ്യാപാരത്തെ ആശ്രയിച്ചിരുന്ന വ്യവസായങ്ങള്‍ ഇപ്പോള്‍ ഇരുണ്ട ഭാവിയാണ് നേരിടുന്നതെന്ന് പാകിസ്താന് ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
ഒരുകാലത്ത് അതിര്‍ത്തി കടന്നുള്ള വ്യാപാരത്തില്‍ സജീവമായിരുന്ന ബിസിനസ് ശൃംഖലകള്‍ മുഴുവന്‍ ഇപ്പോള്‍ നിശ്ചലമായിരിക്കുകയാണ്. ചെറുകിട വ്യാപാരികളും ഗതാഗത മേഖലയിലുള്ളവരും കടക്കെണിയിലാണെന്നും തൊഴിലാളികള്‍ വ്യാപകമായ തൊഴിൽ നഷ്ടത്തെ ഭയപ്പെടുന്നുവെന്നും ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.



