എന്റെ നിലപാട് എന്ത് എന്നു ചോദിച്ച് പലരും സന്ദേശങ്ങൾ അയയ്ക്കുന്നതിനാൽ, വ്യക്തമായി പറയട്ടെ: മുനമ്പംകാർ ഇപ്പോഴും സമരത്തിലാണ്. ഞാൻ അവരോട് ഒപ്പമാണ്. ബിജെപി നടത്തുന്നതല്ല ആ തുടർസമരം എന്ന് ഉറപ്പു വരുത്താൻ എനിക്കു സമയം വേണമായിരുന്നു. ഒരു രാഷ്ട്രീയപ്പാർട്ടിയുടെയും ചട്ടുകമാകാൻ ആഗ്രഹിക്കാത്തതിനാലാണത്.
12 വയസ്സ് മുതൽ ഫറൂക്ക് കോളേജുമായുള്ള സമരത്തിൽ പോരാടിയ വൃദ്ധയായ സഖാവ് ലിസി ആന്റണി ചിറയത്തിന്റെ (77) ജ്ഞാനം മുനമ്പംകാരുടെ ജ്ഞാനമാണ്. യുക്തിഭദ്രമാണ് അവരുടെ നിലപാട്. എന്നാൽ, സമരം നിറുത്തിയവർക്ക് യുക്തിഭദ്രമായും കളവോ വൈരുദ്ധ്യമോ ഇല്ലാതെയും കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിയുന്നില്ല.
അതിനാൽ, ഈ സിപിഎം പോസ്റ്റർ വ്യക്തമാക്കുന്നതു പോലെ ചില ഞാങ്ങണകളുടെ സമരം സിപിഎം “അവസാനിപ്പിച്ചു” എന്നേ പറയാനാകൂ.
സെമിത്തേരി പുനരുദ്ധരിക്കാൻ വേണ്ടി തല്ക്കാലം സമരം നിറുത്തിവയ്ക്കുന്നു എന്ന് ഇന്നലെ പള്ളിയിൽ വികാരിയച്ചൻ അനൗൺസ് ചെയ്തത്രേ. എങ്കിൽ, രണ്ട് എൽഡിഎഫ് മന്ത്രിമാരും ഒരു എൽഡിഎഫ് എംഎൽഎയും എൽഡിഎഫ് സ്ഥാനാർഥിയും അവിടെ എത്തിയത് സെമിത്തേരി ശരിയാക്കാനായിരുന്നു എന്നു വേണം കരുതാൻ…
സുപ്രധാനമായ ഒരു ചോദ്യം ഇനിയും അവശേഷിക്കുന്നു: ഇതുവരെ എല്ലാ കാര്യങ്ങൾക്കും സമരവേദിയിൽ ഉണ്ടായിരുന്ന കോട്ടപ്പുറം രൂപതാധികാരികൾ എന്തുകൊണ്ട് ഇന്നലെ ഉണ്ടായിരുന്നില്ല? ഒന്നുകിൽ, രൂപതയ്ക്ക് സമരം നിറുത്തിയതിനോട് യോജിപ്പില്ല; അല്ലെങ്കിൽ, സമരം നിറുത്തിയത് രൂപതാകേന്ദ്രത്തിന്റെ നിർബന്ധപ്രകാരമാകയാൽ പ്രത്യക്ഷത്തിൽ വരാൻ ആഗ്രഹിച്ചില്ല. രണ്ടാമത്തേതാണ് യാഥാർത്ഥ്യമെന്ന് ചിന്താശീലർക്കു സുവ്യക്തമാകാൻ കാരണങ്ങൾ രണ്ടാണ്:
1) സമരം നിറുത്താൻ വ്യക്തമായ കാരണങ്ങൾ നിരത്താൻ കഴിയാതെ കുഴഞ്ഞ വികാരിയച്ചൻ പരസ്പരവിരുദ്ധമായ പല പ്രസ്താവനകളും നടത്തി ഒടുവിൽ പലരോടും പറഞ്ഞത്, എല്ലാ പാപവും ഞാൻ ഏല്ക്കുന്നു എന്നാണ്!
2) എസ്എൻഡിപി ശാഖാപ്രസിഡന്റിന്റെ പത്രക്കുറിപ്പ് വ്യക്തമാക്കുന്നതുപോലെ, ഇതുവരെ സമരത്തിൽ സജീവമായി ഉണ്ടായിരുന്ന എസ്എൻഡിപിയുടെ അഭിപ്രായത്തെ ഭൂസംരക്ഷണ സമിതി മാനിച്ചില്ല.
ഡിസംബർ 17ന് ഹൈക്കോടതി ഈ വിഷയം വീണ്ടും വിശദമായ വാദങ്ങൾക്കായി എടുക്കുമ്പോൾ സീനിയർ അഡ്വ. കൃഷ്ണനുണ്ണിയുടെ വാദങ്ങളുടെ പിൻബലത്തിൽ മുനമ്പത്തിന് സമ്പൂർണ റവന്യൂ അവകാശങ്ങൾ തിരികെ ലഭിക്കുകയും അതോടെ യഥാർഥ സമരം അവസാനിക്കുകയും ചെയ്യും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. എപ്പോൾ സമരലക്ഷ്യം സാധിച്ചെടുക്കുന്നുവോ അപ്പോഴേ മുനമ്പം സമരം അവസാനിക്കൂ…
ആർജവമുള്ള സമരക്കാർക്ക് അഭിവാദ്യങ്ങൾ!
ഫാ. ജോഷി മയ്യാറ്റിൽ



