നാലുദിവസത്തെ അപ്പസ്തോലിക സന്ദർശനത്തിനു ശേഷം തുർക്കിയിൽ നിന്ന് ലെബനനിലെത്തിയ ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് അകമ്പടിയായി മഴയുമുണ്ടായിരുന്നു. കനത്ത മഴയ്ക്കിടയിലും പോപ്പ്‌മൊബൈലിൽ തന്നെ ബാബ്ദയിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിലേക്കുള്ള വഴിയിലൂടെ പത്രോസിന്റെ പിൻഗാമി സഞ്ചരിച്ചു.
ലെബനനിൽ ഗംഭീരമായ സ്വീകരണമാണ് പരിശുദ്ധ പിതാവ് ഏറ്റുവാങ്ങിയത്. പേപ്പൽ വിമാനത്തിന്റെ വാതിലുകൾ തുറന്നപ്പോൾ രാജ്യമെമ്പാടുമുള്ള ദൈവാലയമണികൾ മുഴങ്ങി.
വിമാനത്താവളത്തിലെ ടാർമാക്കിൽ, കത്തോലിക്കാ സഭാമേധാവിയെ വലിയ ആഘോഷങ്ങളോടെ സ്വാഗതം ചെയ്യുന്നതിനായി ഒരു വലിയ കൂടാരം ഒരുക്കിയിരുന്നു. ഈ നിമിഷത്തിന്റെ പ്രാധാന്യത്തിന്റെ അടയാളമായി രാജ്യത്തെ ഉന്നതനേതാക്കൾ ബെയ്റൂട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചു. മരോണൈറ്റ് ക്രിസ്ത്യാനിയായ പ്രസിഡന്റ് ജോസഫ് ഔൺ, സുന്നി മുസ്ലീം ആയ പ്രധാനമന്ത്രി നവാഫ് സലാം, ഷിയാ മുസ്ലീം ആയ പാർലമെന്റ് സ്പീക്കർ നബിഹ് ബെറി എന്നിവർ പാപ്പയെ സ്വീകരിക്കാൻ എത്തിച്ചേർന്നിരുന്നു.
ഔപചാരിക ചടങ്ങുകൾ കഴിഞ്ഞയുടനെ നീണ്ട വാഹനവ്യൂഹം ബാബ്ദയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്കു പുറപ്പെട്ടു. വഴിയിലുടനീളം പാപ്പയുടെ വലിയ പോസ്റ്ററുകൾ കാണാമായിരുന്നു.
ഉച്ചകഴിഞ്ഞ്, ആകാശം പെട്ടെന്ന് ഇരുണ്ടു. ലെബനൻ തലസ്ഥാനത്ത് മഴ തുടങ്ങിയെങ്കിലും അടച്ച രീതിയിലുള്ള പോപ്പ്മൊബൈൽ ആയതിനാൽ പാപ്പായുടെ യാത്ര സുരക്ഷിതമായിരുന്നു. അതോടൊപ്പം അദ്ദേഹത്തെ സ്വീകരിക്കാനും അഭിവാദ്യം ചെയ്യാനും എത്തിച്ചേർന്നവരെ അഭിവാദ്യം ചെയ്യാനും പപ്പയ്ക്ക് സാധിച്ചു.
കൊട്ടാരത്തിന്റെ പ്രാന്തപ്രദേശത്ത്, ലെബനന്റെയും ഹോളി സീയുടെയും പതാകകൾ വീശിയ കുതിരപ്പടയാളികൾ മാർപാപ്പയുടെ വാഹനവ്യൂഹത്തിനു വഴിയൊരുക്കി. കൊട്ടാരത്തിനു പുറത്ത് നൃത്തവും സംഗീതവും ഉണ്ടായിരുന്നു. അകത്ത്, രാജ്യത്തെ അധികാരികളും സിവിൽ സമൂഹവും നയതന്ത്രസേനയും അദ്ദേഹത്തെ കാത്തിരുന്നു.
റോമിൽ നിന്ന് എഴുതിയ പ്രസംഗത്തിൽ പാപ്പ അത് കൃത്യമായി മുൻകൂട്ടി കണ്ടിരുന്നു. “നിങ്ങൾ സംഗീതത്തെ സ്നേഹിക്കുന്ന ഒരു ജനതയാണ്. ഉത്സവദിവസങ്ങളിൽ ഇതൊരു നൃത്തമായി മാറുന്നു. ഇത് സന്തോഷത്തിന്റെയും കൂട്ടായ്മയുടെയും ഭാഷയാണ്” – പാപ്പ പറഞ്ഞു.
“നൃത്തം ചെയ്യുന്നവർ ഭൂമിയിൽ ചവിട്ടാതെ, മറ്റുള്ളവരുടെ ചുവടുകളുമായി അവരുടെ ചുവടുകൾ യോജിപ്പിച്ചുകൊണ്ട് ലഘുവായി നീങ്ങുന്നു. ആത്മാവിനാൽ പ്രചോദിതമായ ഒരു യാത്രയിൽ സമാധാനത്തിന്റെ കാര്യവും അങ്ങനെയാണ്. അത് നമ്മുടെ ഹൃദയങ്ങളെ ശ്രദ്ധിക്കാൻ പ്രേരിപ്പിക്കുന്നു. അവരെ മറ്റുള്ളവരോട് കൂടുതൽ ആദരവും ശ്രദ്ധയുമുള്ളവരാക്കുന്നു” – വർഷങ്ങൾ നീണ്ട പ്രതിസന്ധിക്കു ശേഷം ജീവിതം തളർന്നുപോയ ലെബനനിലെ ജനതയ്ക്ക് ലെയോ പതിനാലാമൻ ഉറപ്പുനൽകി.



