ജയ്പൂർ: രാജസ്ഥാനിലെ ധോൽപൂരിൽ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണ(എസ്‌ഐആർ) ജോലിക്കിടെ ബൂത്ത് ലെവൽ ഓഫീസർ മരിച്ചു. 42 കാരനായ അനുജ് ഗാർഗ് ആണ് കുഴഞ്ഞുവീണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് വീട്ടിൽ എസ്‌ഐആർ ജോലികൾ പൂർത്തിയാക്കുന്നതിനിടെയായിരുന്നു മരണം. ജോലി ഭാരത്താൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനുജ് ഗാർഗ് സമ്മർദത്തിലായിരുന്നുവെന്ന് കുടുംബം ആരോപിച്ചു.

അടുത്ത ദിവസങ്ങളിലായി എസ്‌ഐആർ ജോലികൾ രാത്രി വൈകിയും അനുജ് ഗാർഗ് ചെയ്തിരുന്നുവെന്നും ഇത് ശാരീരികമായും മാനസികമായും അദ്ദേഹത്തെ തളർത്തിയിരുന്നുവെന്നും സഹോദരി പറഞ്ഞു. സംഭവ ദിവസവും രാത്രിയിൽ വളരെ വൈകിയും വോട്ടർമാരുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുകയായിരുന്നു അനുജ്. ഇതിനിടെ ചായ വേണമെന്ന് പറഞ്ഞു, ഉടൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ബാരയിലെ സർക്കാർ സ്‌കൂളിലെ അധ്യാപകനാണ് അനുജ് ഗാർഗ്. 2012ലാണ് സർക്കാർ സർവീസിൽ ജോലി ലഭിച്ചത്.