ശ്രീലങ്കയിൽ കനത്ത നാശനഷ്ടങ്ങൾ വിതച്ച് ഡിറ്റ് വാ’ ചുഴലിക്കാറ്റ്. മരണസംഖ്യ 50 കവിഞ്ഞു. 25 പേരെ കാണാതായി. ചുഴലിക്കാറ്റ് രൂപപ്പെട്ടതിനുശേഷം ശ്രീലങ്കയിൽ റെക്കോർഡ് മഴ രേഖപ്പെടുത്തി. 

എല്ലാ നദികളിലും ജലനിരപ്പ് ഉയർന്നു. രാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾക്ക് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര സ്കൂളുകളും അടച്ചിടാൻ ഉത്തരവിട്ടിട്ടുണ്ട്. കൊളംബോയിൽ വിമാനങ്ങൾ ഇറങ്ങാൻ കഴിഞ്ഞില്ലെങ്കിൽ അവ തിരുവനന്തപുരത്തേക്കോ കൊച്ചിയിലേക്കോ തിരിച്ചുവിടുമെന്ന് സർക്കാർ അറിയിച്ചു. 

ദേശീയ ഉദ്യാനങ്ങൾ അടച്ചിട്ടു, നിരവധി റോഡുകൾ തകർന്നു. ഇന്ന് രാവിലെ 6 മുതൽ എല്ലാ ട്രെയിൻ സർവീസുകളും നിർത്തിവച്ചു. അതേസമയം  ‘ഡിറ്റ് വാ’ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതോടെ തമിഴ്നാട് -ആന്ധ്രാ -പുതുച്ചേരി തീരങ്ങളിൽ അതീവ ജാഗ്രത നിർദേശം നൽകി. തമിഴ്നാട്ടിൽ ശക്തമായ മഴ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. 4 ജില്ലകളിൽ റെഡ് അലർട്ടും 6 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.