മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ പുതിയതായി നിയമിതരായിരിക്കുന്ന രണ്ട് മെത്രാന്മാരുടെ മെത്രാഭിഷേക ചടങ്ങുകൾ ഇന്ന് രാവിലെ എട്ടിന് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രൽ ദൈവാലയത്തിൽ നടന്നു. യൂറോപ്പിലെ മലങ്കര കത്തോലിക്കാ സഭയുടെ അപ്പ‌സ്തോലിക വിസിറ്റേറ്റർ മോൺ ഡോ. കുരിയാക്കോസ് തടത്തിൽ റമ്പാനും, തിരുവനന്തപുരം മേജർ അതിരൂപത സഹായ മെത്രാൻ മോൺ. ഡോ. യൂഹാനോൻ കുറ്റിയിൽ റമ്പാനുമാണ് മെത്രാന്മാരായി അഭിഷിക്തരായത്. മേജർ ആർച്ചുബിഷപ്പ് കർദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ മുഖ്യ കാർമ്മികനായിരുന്നു. കോട്ടയം ആർച്ചുബിഷപ്പ് ഡോ. മാർ മാത്യു മൂലക്കാട്ട് വചനസന്ദേശം നൽകി.

ആർച്ചുബിഷപ്പ് തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ ജോസഫ് മാർ തോമസ്, സാമുവേൽ മാർ ഐറേനിയോസ്, തോമസ് മാർ അന്തോണിയോസ്, ഫിലിപ്പോസ് മാർ ‌സ്തേഫാനോസ്, വിൻസെൻ്റ് മാർ പൗലോസ്, തോമസ് മാർ യൗസേബിയോസ്, ഗീവർഗ്ഗീസ് മാർ മക്കാറിയോസ്, യൂഹാനോൻ മാർ തിയഡോഷ്യസ്, മാത്യൂസ് മാർ പോളി കാർപ്പസ്, മാത്യൂസ് മാർ പക്കോമിയോസ്, ആൻ്റണി മാർ സിൽവാനോസ്, ജോഷ്വാ മാർ ഇഗ്‌നാത്തിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, എബ്രഹാം മാർ ജൂലിയോസ് എന്നിവർ മെത്രാഭിഷേകത്തിൽ സഹകാർമ്മികരായിരുന്നു.

വിവിധ സഭകളിലെ മുപ്പതോളം മെത്രാപ്പോലീത്താമാർ ചടങ്ങിൽ സംബന്ധിച്ചു. സഭയുടെ യുകെ റീജണിൽ നിന്ന് വൈദികർ, നാഷണൽ കൗൺസിൽ അംഗങ്ങൾ, മിഷൻ പ്രതിനിധികൾ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

ഫാ. കുര്യാക്കോസ് തോമസ് തടത്തിൽ

1962 മാർച്ച് 27 ന് കോട്ടയത്താണ് ഫാ. കുര്യാക്കോസ് തോമസ് തടത്തിൽ ജനിച്ചത്. ആലുവായിലെ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ നിന്ന് തത്വശാസ്ത്ര-ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയ ശേഷം കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഓറിയന്റൽ എക്ലേസിയാസ്റ്റിക്കൽ സയൻസസ് ഫാക്കൽറ്റിയിൽ നിന്ന് ആരാധനക്രമത്തിൽ ഡോക്ടറേറ്റും നേടി. 1987 ഡിസംബർ 30 നായിരുന്നു അദ്ദേഹത്തിന്റെ പൗരോഹിത്യ സ്വീകരണം.

തിരുവല്ല അതിരൂപതയിലെ വിവിധ ഇടവകകളിൽ വികാരി, തിരുവനന്തപുരം അതിരൂപതയിലെ സെന്റ് മേരീസ് മലങ്കര മേജർ സെമിനാരിയിൽ റസിഡന്റ് പ്രൊഫസർ, സീറോ-മലങ്കര സഭയുടെ മാസ്റ്റർ ഓഫ് സെറിമണിസ് (2001-2020), സിനഡൽ കമ്മീഷൻ ഫോർ ലിറ്റർജിയുടെ സെക്രട്ടറി (2005-2010), ഇടവക വികാരി (2010-2017), അതിരൂപതയുടെ കാറ്റെക്കിസം ഡിപ്പാർട്ട്‌മെന്റിന്റെ ഡയറക്ടർ (2010-2013), ചാൻസലർ (2013-2017), സെന്റ് മേരീസ് മലങ്കര മേജർ സെമിനാരിയുടെ റെക്ടർ (2017-2020), സെമിനാരി രൂപീകരണത്തിനായുള്ള സിനഡൽ കമ്മീഷന്റെ സെക്രട്ടറി (2017-2020) എന്നീ സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.

ഫാ. ജോൺ കുറ്റിയിൽ

1982 മെയ് 30 ന് കിഴക്കെത്തെരുവിലാണ് ജോൺ കുറ്റിയിൽ ജനിച്ചത്. സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിലും സെന്റ് മേരീസ് മലങ്കര മേജർ സെമിനാരിയിലും പഠിച്ച ശേഷം, റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഓറിയന്റൽ കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടി. 2008 ഏപ്രിൽ രണ്ടിനായിരുന്നു അദ്ദേഹം പുരോഹിതനായി അഭിഷിക്തനായത്.

തിരുവനന്തപുരം അതിരൂപതയിലെ വിവിധ ഇടവകകളിൽ വികാരി, മേജർ ആർച്ച്ബിഷപ്പിന്റെ പ്രൈവറ്റ് സെക്രട്ടറി, അതിരൂപതയുടെ മൈനർ സെമിനാരി റെക്ടർ, സെന്റ് മേരി ക്വീൻ ഓഫ് പീസ് ബസിലിക്കയുടെ റെക്ടർ, സെന്റ് മേരീസ് മലങ്കര മേജർ സെമിനാരിയിലെ പ്രൊഫസർ, സിനഡൽ കമ്മീഷൻ ഫോർ വോക്കേഷന്റെ സെക്രട്ടറി, എക്ലേസിയാസ്റ്റിക്കൽ ട്രൈബ്യൂണലിൽ ഡിഫെൻഡർ ഓഫ് ബോണ്ടും ജഡ്ജിയും, തിരുവനന്തപുരം അതിരൂപതയുടെ ചാൻസലർ തുടങ്ങിയ സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.