മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ നിയുക്ത മെത്രാന്‍മാരായി തെരഞ്ഞെടുക്കപ്പെട്ട മോണ്‍. ഡോ. കുര്യാക്കോസ് തടത്തില്‍ റമ്പാന്റെയും മോണ്‍. ഡോ. ജോണ്‍ കുറ്റിയില്‍ റമ്പാന്റെയും മെത്രാഭിഷേക കര്‍മങ്ങള്‍ക്ക് തുടക്കമായി. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പാര്‍ക്കിയല്‍ കത്തീഡ്രല്‍ ദേവാലയത്തിലാണ് തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നത്. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് ബാവായുടെ മുഖ്യ കാര്‍മികത്വത്തിലാണ് തിരുക്കര്‍മങ്ങള്‍. സഭയിലെ മറ്റ് ബിഷപ്പുമാരും ആര്‍ച്ച് ബിഷപ്പുമാരും തിരുകര്‍മങ്ങളില്‍ സഹകാര്‍മികരാണ്.
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യൂറോപ്പ് റീജിയണിന്റെ അപ്പസ്‌തോലിക് വിസിറ്ററായി ഡോ. കുര്യാക്കോസ് തടത്തിലിനെ ലിയോ പതിനാലാമന്‍ മാര്‍പാപ്പ നിയമിച്ചിരുന്നു. തിരുവനന്തപുരം അതിരൂപതയുടെ സഹായ മെത്രാനായാണ് ഡോ. ജോണ്‍ കുറ്റിയില്‍ നിയമിതനായിരിക്കുന്നത്.



